Flash News

പ്രാവ് പറത്തല്‍ മല്‍സരത്തിന് നിരോധനം വരുന്നു

പ്രാവ് പറത്തല്‍ മല്‍സരത്തിന് നിരോധനം വരുന്നു
X
pigeon

ന്യൂഡല്‍ഹി: കഴിഞ്ഞ ആഴ്ച ലക്‌നൗവിലും ആഗ്രയിലും പ്രാവ് പറത്തല്‍ മല്‍സരം നിരോധിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്താകമാനം പ്രാവ് മല്‍സരത്തിന് നിരോധനം വന്നേക്കും. മല്‍സരത്തിന് വേണ്ടി പ്രാവുകളെ വന്‍തോതില്‍ പീഡിപ്പിക്കുകയാണെന്നാണ് മൃഗസ്‌നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വാദം.ഇതേ തുടര്‍ന്നാണ് ആദ്യം ആഗ്രയിലും  പിന്നീട് ലക്‌നൗവിലും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്. മല്‍സരത്തിന് വേണ്ടി പ്രാവുകളെ രൂക്ഷമായി പീഡിപ്പിക്കുന്നു  എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ദേശീയ ഓണ്‍ലൈന്‍ സൈറ്റിലെ കോളത്തില്‍  കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗസ്‌നേഹിയുമായ മനേക ഗാന്ധി പ്രാവ് പറത്തല്‍ മല്‍സരത്തിനെതിരേ ശക്തമായി രംഗത്ത് വന്നിരുന്നു.

pigeon-2
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാവ് പറത്തല്‍ മല്‍സരം ഒരു കായിക ഇനം എന്ന നിലയില്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇതിന് പിന്നില്‍ നടക്കുന്നത് പ്രാവുകളെ പീഡിപ്പിക്കലാണെന്നും മനേക പറയുന്നു. ഒരു മല്‍സരത്തിനായി ഏകദേശം ആയിരക്കണക്കിന് പ്രാവുകളെയാണ് വിവിധ ടീമുകള്‍ പങ്കെടുപ്പിക്കുന്നത്. ജനിച്ച് മൂന്നു മാസം ആവുന്നതിന് മുമ്പ് ഈ പ്രാവുകളെ പരിശീലിപ്പിക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ ദുരം പറക്കുന്നത് മൂലം ഇവയുടെ ചിറകിന്റെയും കാലിന്റെയും ശക്തി പോവുന്നു. മല്‍സരത്തിനായി ഇവ 68  കിലോമീറ്ററിലധികം പറക്കേണ്ടതുണ്ട്. ഇത് ഇവയുടെ ശാരീരിക ക്ഷമതയ്ക്കും ആയുസ്സിന് ദോഷമാണ്. ഇവയെ ഇടുങ്ങിയതും വൃത്തിയില്ലാത്തതുമായ കൂടുകളില്‍ താമസിപ്പിക്കുന്നു. പ്രകൃതിക്കെതിരായുള്ള ഇത്തരം മൃഗമല്‍സരങ്ങള്‍ സുപ്രിംകോടതി നിരോധിച്ചതാണ്. പ്രാവ് പറത്തല്‍ മല്‍സരം ഒരു തരം ചൂതാട്ടമാണ്. വന്‍ നഗരങ്ങളില്‍ കള്ളപണം ഒഴുകുന്ന ഒരു കളിയാണ്. മല്‍സരത്തിനായി പങ്കെടുക്കുന്നവയില്‍ 90 ശതമാനം പ്രാവുകളും  മരണത്തിന് കീഴടങ്ങാറുണ്ട്. ബാക്കി 10 ശത്മാനം മാത്രമാണ് തിരിച്ചെത്താറുള്ളത്. കിലോമീറ്ററുകള്‍ താണ്ടുന്നതിനിടെ ഇവ ചത്തു വീഴാറാണ് പതിവ്. ഇത് ഇവയുടെ വംശനാശത്തിന് കാരണമാവും.പ്രാവ് പറത്തല്‍ മല്‍സരം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ആലോചന നടത്തും. പ്രാവുകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ ജയില്‍ ശിക്ഷയടക്കം ലഭിക്കുന്ന നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുമെന്ന് മനേക ഗാന്ധി പറഞ്ഞു.

p-2





Next Story

RELATED STORIES

Share it