Editorial

ആഗോളതാപനം: പാരിസ് ഉടമ്പടി സ്വാഗതാര്‍ഹം

പാരിസില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പിടിച്ചുനിര്‍ത്താനുള്ള ഉടമ്പടിയുടെ കരടിന് അംഗീകാരം നല്‍കിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ഒരു വര്‍ഷം അവസാനിക്കുന്നതിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് 196 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ കരാര്‍ സംബന്ധിച്ച് സമവായത്തിലെത്തിയത്. കരാറിന് അഭൂതപൂര്‍വമായ പിന്തുണയാണ് വിവിധ മേഖലകളില്‍ നിന്നു ലഭിച്ചത്. രണ്ടു ദശാബ്ദമായി ലോകം കാത്തിരുന്നതാണ് ഇത്തരമൊരു ഉടമ്പടി. നാലു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാരിസില്‍ ധാരണ ഉരുത്തിരിഞ്ഞത്. അടുത്ത വര്‍ഷം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍ വിവിധ രാഷ്ട്രത്തലവന്മാര്‍ കരാറില്‍ ഔപചാരികമായി ഒപ്പുവയ്ക്കും.
ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളും വ്യവസ്ഥകളുമാണ് കരാറിലുള്ളത്. ചില വ്യവസ്ഥകള്‍ എല്ലാ രാജ്യങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതും ചില ഭാഗങ്ങള്‍ സ്വമേധയാ നടപ്പാക്കേണ്ടതുമാണ്. വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന ആഗോളതാപന വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള ധാരണയാണ് സുപ്രധാനം. കാലാവസ്ഥാ മാറ്റം നേരിടാന്‍ വികസ്വര നാടുകള്‍ക്കു പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ സഹായം നല്‍കും. ലോകത്ത് ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിത ഉപയോഗത്തിന് അറുതി വരുത്തി പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് കരടുരേഖയിലെ പ്രധാന ഊന്നല്‍. ആഗോളതാപനത്തിന്റെ മുഖ്യകാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നിര്‍ദേശവും കരാറിലുണ്ട്. കാര്‍ബണ്‍ പുറത്തേക്ക് വിടുന്ന വ്യവസായശാലകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെയാണ് വികസിത രാഷ്ട്രങ്ങള്‍ ഇതു കൈവരിക്കേണ്ടത്. എത്രത്തോളം ഈ വ്യവസ്ഥ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പാരിസ് ഉടമ്പടിയുടെ വിജയം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഓരോ രാജ്യത്തിന്റെയും നടപടികളുടെ പുരോഗതി വിലയിരുത്തലിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണത്തിനു 1997ലെ ക്യോട്ടോ പ്രോട്ടോകോളാണ് അടിസ്ഥാനരേഖയായി ഇതുവരെ നിലവിലിരുന്നത്. ഇനി പാരിസ് ഉടമ്പടി മുഖ്യ അവലംബമാകും. എല്ലാ നടപടിക്രമങ്ങളിലും വികസിത-വികസ്വര രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യത്യസ്തമായ സമീപനം കരാറിലുണ്ട്.
ലോകത്തെ 700 കോടി ജനതയുടെ പ്രതീക്ഷകള്‍ കരാര്‍ സാക്ഷാല്‍ക്കരിക്കുമോ എന്നു കണ്ടറിയണം. വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം എത്താന്‍ വികസ്വര രാഷ്ട്രങ്ങള്‍ പാശ്ചാത്യ ഉല്‍പാദന സമ്പ്രദായം തന്നെയാണ് നടപ്പാക്കുന്നത്. മുമ്പ് ഉണ്ടായിരുന്ന കരാറുകളില്‍ പലതും ഏട്ടിലൊതുങ്ങിയത് ഈ പ്രശ്‌നം കാരണമാണ്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ മാത്രം ഒരു മാറ്റവും കൊണ്ടുവരില്ല. കരാര്‍ വ്യവസ്ഥകള്‍ പ്രായോഗവല്‍ക്കരിക്കുമ്പോള്‍ മാത്രമേ സമൂഹത്തിന് അതിന്റെ നേട്ടങ്ങള്‍ സ്വന്തമാവൂ. അതിനുള്ള ആത്മാര്‍ഥമായ നീക്കങ്ങള്‍ രാഷ്ട്രസാരഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമോ എന്നതാണ് നിര്‍ണായകമായ ചോദ്യം.
Next Story

RELATED STORIES

Share it