kannur local

ആഗോളതാപനം ചെറുക്കാന്‍ വൃക്ഷസമൃദ്ധി പദ്ധതി

കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആഗോളതാപനം ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വൃക്ഷസമൃദ്ധി പദ്ധതി നടപ്പാക്കുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, സോഷ്യല്‍ ഫോറസ്ട്രി, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വനവല്‍ക്കരണ പരിപാടിയാണു ലക്ഷ്യമിടുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടാനുള്ള വൃക്ഷത്തൈകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭ്യമാക്കും.
പഞ്ചായത്ത് അധികൃതര്‍ പരിപാടിയുടെ വിജയത്തിനായി പ്രാദേശിക തലത്തില്‍ യോഗം വിളിക്കണം. 5നു വൃക്ഷത്തൈകള്‍ നടല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള അഞ്ചുദിവസം പഞ്ചായത്ത് നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ ആഗോളതാപനത്തെ പ്രതിരോധിക്കുന്ന അപകട ഭീഷണിയുണ്ടാക്കാത്ത വൃക്ഷത്തൈകള്‍ നടണം. 10 വരെയാണ് കാംപയിന്‍.
ജില്ലാ പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത്, പിഎംജിഎസ്‌വൈ റോഡുകള്‍ എന്നിവ തിരഞ്ഞെടുത്ത പാതയോരത്ത് വൃക്ഷത്തൈ നടണം. നട്ട മരങ്ങളുടെ വിവരം സൂക്ഷിക്കുന്ന രജിസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങളിലുണ്ടാവണം. വൃക്ഷത്തൈകളുടെ സംരക്ഷണ ചുമതല തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇവ തൊഴില്‍ദിനമായി കണക്കാക്കും. മൂന്നുമാസം കഴിയുമ്പോള്‍ നട്ട മരങ്ങള്‍ നിലവിലുണ്ടോ എന്ന് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ യോഗം ചേരും. വര്‍ഷത്തില്‍ രണ്ടുതവണ ഇവയുടെ മോണിറ്ററിങ് നടത്തും. ഇവയുടെ മേല്‍നോട്ടത്തിനായി ജില്ലാ പഞ്ചായത്തില്‍ ഒരു സമിതിയും രൂപീകരിക്കുമെന്ന് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ജില്ലയിലെ എംഎല്‍എമാര്‍ കാംപയിനുമായി സഹകരിക്കണമെന്നും നാശോന്‍മഖമാവുന്ന പുഴകള്‍ സംരക്ഷിക്കാനുള്ള പദ്ധതി ആഗസ്തില്‍ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ ബിജു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ എം ശശിധരന്‍, ശുചിത്വ മിഷന്‍ അസി. കോ-ഓഡിനേറ്റര്‍ ഇ മോഹനന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ ശ്രീജിത്ത് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it