Pathanamthitta local

ആക്രി സാധനങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉടമയ്ക്ക് നല്‍കി

പന്തളം: ആക്രിക്കടയിലെ മാലിന്യങ്ങള്‍ക്കിടയില്‍ നിന്നു ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അടങ്ങിയ ഫയല്‍ ഉടമയ്ക്ക് തിരികെ നല്‍കി. പത്തനംതിട്ട അഴൂര്‍ ആശാഭവനില്‍ ആശാ പുരുഷോത്തമന്‍ ഇന്നലെ സഹോദരനോടൊപ്പം പന്തളത്ത് എത്തി പാലമുരുപ്പേല്‍ പുത്തന്‍വീട്ടില്‍ ഭാസ്‌ക്കരനില്‍ നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ എറ്റുവാങ്ങി.
മാലിന്യങ്ങള്‍ക്കിടയില്‍ നിന്നു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കഴിഞ്ഞദിവസം തേജസ് പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആശ സഹോദരനെയും കൂട്ടി പന്തളത്ത് എത്തിയത്.
ചിത്രാ ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിവ്യാപാര കേന്ദ്രത്തില്‍ നിന്നു ചൊവ്വാഴ്ച ജോലിക്കാര്‍ ശേഖരിച്ച് കൊണ്ടുവന്ന പാഴ്‌വസ്തുക്കള്‍ തിരഞ്ഞെടുത്തശേഷം ഉപേക്ഷിക്കപ്പെട്ട മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ ഭാസ്‌ക്കരന് ലഭിച്ചത്.
ആശാപുരുഷോത്തമന്റെ ഭര്‍തൃമാതാവ് പാഴ്കടലാസ്സുകള്‍ വില്‍പ്പന നടത്തിയ കൂട്ടത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ അറിയാതെ ഉള്‍പ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it