ആക്രമണ ഭീഷണി; ജര്‍മനിയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചിട്ടു

മ്യൂണിക്ക്: ആക്രമണ ഭീഷണി; ജര്‍മനിയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചിട്ടുഐഎസ് ആക്രമണ ഭീഷണിയെ തുടര്‍ന്നു പുതുവല്‍സര ദിനത്തില്‍ മ്യൂണിക്ക് നഗരത്തിലെ രണ്ടു പ്രമുഖ റെയില്‍വേ സ്‌റ്റേഷനുകള്‍ ജര്‍മന്‍ അധികൃതര്‍ അടച്ചിട്ടു.
തിരച്ചിലില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നു മണിക്കൂറുകള്‍ക്കു ശേഷമാണ് റെയില്‍വേ സ്‌റ്റേഷനുകള്‍ വീണ്ടും തുറന്നുകൊടുത്തത്. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മ്യൂണിക്ക് പോലിസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. നഗരമധ്യത്തിലെ പ്രധാന സ്റ്റേഷനും പാസിങ് സ്റ്റേഷനുമാണ് അടച്ചിട്ടത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തി സ്‌ഫോടനം നടത്താന്‍ ഐഎസ് പദ്ധതിയിട്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനുകള്‍ അടച്ചിട്ടതെന്നു പോലിസ് വക്താവ് അവകാശപ്പെട്ടു. അത് ശരിയായ നടപടിയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനുകള്‍ അടച്ചിട്ടത്.
ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ള ഏഴോളം പേരുള്ള സംഘമാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്നും അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.സംശയമുനയിലുള്ള ഏതാനും പേരുടെ വിശദാംശങ്ങള്‍ അന്വേഷണവിധേയമാക്കിയപ്പോള്‍ അവര്‍ എവിടെയാണെന്നത് സംബന്ധിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നു മ്യൂണിക്ക് പോലിസ് മേധാവി ഹ്യൂബര്‍ട്ടസ് ആന്‍ഡ്രയി അറിയിച്ചു. ഇന്നലെ അര്‍ധരാത്രിക്കു തൊട്ടുമുമ്പാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.
തലസ്ഥാന ജനതയോട് ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണഭീഷണിയെ തുടര്‍ന്ന് യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഭീഷണി യൂറോപ്പിലെ പുതുവല്‍സരാഘോഷങ്ങളെ ബാധിച്ചിരുന്നു. ബ്രസ്സല്‍സിലും പാരിസിലും കരിമരുന്ന് പ്രയോഗങ്ങള്‍ അധികൃതര്‍ നിരോധിച്ചിരുന്നു.
1,00,000ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഫ്രാന്‍സ് നിയോഗിച്ചിരുന്നത്. ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബെല്‍ജിയം പുതുവല്‍സരാഘോഷം വേണ്ടെന്നുവച്ചു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടെന്നാരോപിച്ച് രണ്ടുപേരെ പോലിസ് പിടികൂടിയതിനു പിന്നാലെയാണ് വെടിക്കെട്ട് ഉള്‍പ്പെടെ ആഘോഷങ്ങള്‍ റദ്ദാക്കിയത്.
Next Story

RELATED STORIES

Share it