ആക്രമണസാധ്യത: കൂടുതല്‍ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് ആക്രമണം നടത്തുന്നതിനായി പാകിസ്താനില്‍നിന്ന് പത്തംഗസംഘം എത്തിയെന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്ന് മെട്രോ നഗരങ്ങള്‍ക്ക് പുറമേ വിജയവാഡ, ഭോപാല്‍, ലഖ്‌നോ, ജയ്പൂര്‍, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലും കേന്ദ്രം സുരക്ഷ ശക്തമാക്കി.
പാകിസ്താനില്‍നിന്നുള്ള ലശ്കര്‍ പ്രവര്‍ത്തകര്‍ ഗുജറാത്തിലും ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും ആക്രമണം നടത്തുമെന്ന വിവരത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ കേന്ദ്രം കഴിഞ്ഞ ദിവസം സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രം വ്യക്തമായ സ്ഥിരീകരണങ്ങള്‍ നല്‍കിയിട്ടില്ല.
അതേസമയം, ആക്രമണസാധ്യത മുന്‍നിര്‍ത്തി ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് രാജ്യത്തെ സുരക്ഷാസ്ഥിതിഗതികള്‍ വിലയിരുത്തി.
ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി, ഐബി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉന്നതതലയോഗത്തില്‍ ആക്രമണം തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചു.
ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ നാല് ദേശീയ സുരക്ഷാസേനാ സംഘങ്ങളെ വിന്യസിച്ചതായി മന്ത്രി അറിയിച്ചു. ഗുജറാത്തിലെ ആരാധനാലയങ്ങള്‍, വ്യവസായമേഖലകള്‍ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പാകിസ്താനില്‍നിന്ന് ഗുജറാത്തിലേക്ക് കടന്നു എന്ന് പറയുന്ന ലശ്കര്‍ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായില്ല.
ഗുജറാത്തിനു പുറമേ ഉത്തര്‍പ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഗോവ, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണസാധ്യത മുന്‍നിര്‍ത്തി ഡല്‍ഹിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ശിവരാത്രിദിനമായ ഇന്നലെ സുരക്ഷ ശക്തമാക്കിയിരുന്നു. തലസ്ഥാനത്തെ ക്ഷേത്രങ്ങളിലും തിരക്കുള്ള കമ്പോളങ്ങളിലും സ്മാരകങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it