ആക്രമണഭീതി: ബെല്‍ജിയത്തില്‍ 16 പേര്‍ അറസ്റ്റില്‍

ബ്രസ്സല്‍സ്: പാരിസ് സായുധാക്രമണത്തിലെ മുഖ്യപങ്കാളിയെന്ന് അന്വേഷണസംഘം അവകാശപ്പെടുന്ന സലാഹ് അബ്ദുസ്സലാമിനു വേണ്ടിയുള്ള തിരച്ചില്‍ ബെല്‍ജിയം പോലിസ് ശക്തമാക്കി. സലാ ബെല്‍ജിയത്തിലേക്കു കടന്നുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണു പരിശോധന ഊര്‍ജിതമാക്കിയത്.
അതേസമയം, തലസ്ഥാനമായ ബ്രസ്സല്‍സ്, ഷാര്‍ലിറോയ് എന്നിവിടങ്ങളില്‍ സായുധ പോലിസ് നടത്തിയ 22 റെയ്ഡുകളില്‍ ഭീകരബന്ധം ആരോപിച്ച് 16 പേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ല. എന്നാല്‍, സലാഹ് അബ്ദുസ്സലാം പോലിസിനെ കബളിപ്പിച്ച് ആഡംബര കാറില്‍ കടന്നുകളഞ്ഞതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. ബ്രസ്സല്‍സ് കനത്ത സുരക്ഷാവലയത്തിലാണ്. സര്‍വകലാശാലകള്‍, ഹൈസ്‌കൂളുകള്‍, മെട്രോ സംവിധാനം തുടങ്ങിയവ തിങ്കളാഴ്ചയും പ്രവര്‍ത്തിച്ചില്ല. ബ്രസ്സല്‍സിലെ മോളന്‍ബാക്കില്‍ തിരച്ചിലിനിടെ നിര്‍ത്താതെ പോയ കാറിനു നേരെ പോലിസ് വെടിവച്ചു. വെടിവയ്പില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
അതേസമയം, ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദുമായി പാരിസില്‍ കൂടിക്കാഴ്ച നടത്തി. രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നതുള്‍പ്പെടെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. സിറിയയിലെ ഐഎസ് ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കുമെന്നും ഇരുവരും വ്യക്തമാക്കി.
അതിനിടെ, പാരിസില്‍ ആക്രമണം നടത്തിയ സംഘത്തിലെ മൂന്നാമന്റെ ചിത്രം പാരിസ് പോലിസ് പുറത്തുവിട്ടു. സ്റ്റദ് ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തിനു പുറത്ത് പൊട്ടിത്തെറിച്ചത് ഇയാളാണെന്നാണ് ഫ്രഞ്ച് പോലിസ് അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it