Pathanamthitta local

ആക്രമണത്തിന് ശേഷം ആനിയുടെ മേശയില്‍ നിന്ന് 5000 രൂപയുമായി കടന്നു കളഞ്ഞ പ്രസാദിന് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി

അഭിഭാഷകയെ ഓഫിസില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട: വീട്ടമ്മയുടെ സ്വത്ത് സംരക്ഷിച്ചുകൊണ്ടുള്ള കേസ് വിജയിപ്പിച്ച അഭിഭാഷകയെ വക്കീല്‍ ഓഫിസില്‍ കയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ജനതാദള്‍(യു) ദേശീയ കൗണ്‍സില്‍ അംഗവും ദള്‍ അഭിഭാഷക അസോസിയേഷന്‍(വനിത) സംസ്ഥാന പ്രസിഡന്റുമായ ആനി സ്വീറ്റിയ്ക്കാണ് കുത്തേറ്റത്. വീട്ടമ്മയുടെ മകന്‍ ഓമല്ലൂര്‍ കോയിക്കല്‍ കെ കെ പ്രസാദി(49)ന് എതിരെ പത്തനംതിട്ട പോലിസ് കേസെടുത്തു.
ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. ആക്രമണത്തിന് ശേഷം ആനിയുടെ മേശയ്ക്കുള്ളിലുണ്ടായിരുന്ന 5000 രൂപയുമായി കടന്നു കളഞ്ഞ പ്രസാദിന് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവം നടക്കുമ്പോള്‍ ആനിയുടെ ക്ലര്‍ക്കായ യുവതിയും കേസിനെപ്പറ്റി അന്വേഷിക്കാന്‍ വന്ന മറ്റൊരു സ്ത്രീയും ഓഫിസിലുണ്ടായിരുന്നു. പെട്ടെന്ന് ഓഫിസിനുള്ളിലേക്ക് കടന്നു വന്ന പ്രസാദ് ആനിയെ വട്ടം പിടിച്ച് കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും കുത്തുകയുമായിരുന്നു. ഈസമയം ക്ലാര്‍ക്കും വന്ന സ്ത്രീയും സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഇതിനിടെ രണ്ടും കല്‍പിച്ച് ആനി കത്തിയില്‍ കടന്നു പിടിച്ചു. ഇരുകൈകളും മുറിഞ്ഞ് ചോരയൊലിച്ചിട്ടും അവര്‍ പിടിവിട്ടില്ല. ബഹളം കേട്ട് ആളുകള്‍ ഓടി വരുന്നതിനിടെയാണ് അക്രമി ആനിയെ വിട്ട് മേശവലിപ്പിലുണ്ടായിരുന്ന പണവുമായി ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് ആനി ആശുപത്രിയില്‍ ചികില്‍സതേടി.
ഇരുകൈപ്പത്തിയിലും ആഴത്തില്‍ മുറിവുണ്ട്. പ്രസാദും മാതാവ് തങ്കമ്മ കുരുവിളയും തമ്മിലുള്ള സ്വത്തു തര്‍ക്കമാണ് ആനി നടത്തിക്കൊണ്ടിരുന്ന കേസ്. തങ്കമ്മ ആദ്യം മകന് സ്വത്ത് എഴുതി നല്‍കിയിരുന്നു. മകന്‍ നോക്കാതെ വന്നപ്പോള്‍ ഇത് തിരികെ കിട്ടുന്നതിനായി ആനി സ്വീറ്റി മുഖേനെ റാന്നി കോടതിയില്‍ കേസ് കൊടുത്തു. 1990 ല്‍ തുടങ്ങിയ കേസ് 2002 ല്‍ വിധിയായി. ആകെയുള്ള 30 സെന്റ് സ്ഥലത്തിന്റെ പകുതിയും വീടും തങ്കമ്മയ്ക്ക് നല്‍കാനായിരുന്നു വിധി. ഇതിനെതിരേ പ്രസാദ് അപ്പീലിന് പോയി. കീഴ്‌കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചു. മൂന്നു മാസം മുന്‍പ് പ്രസാദ് ആനിയെ ഓഫിസില്‍ ചെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് നിലനില്‍ക്കുന്നതിനിടെയാണ് ഇന്നലെ വീണ്ടും പ്രസാദ് വക്കീല്‍ ഓഫിസില്‍ അതിക്രമിച്ച് കയറി ആനിയെ ആക്രമിച്ചത്.
മാതാവ് തങ്കമ്മ കുരുവിളയെ പ്രസാദ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടിട്ട് നാളുകളായി. ഇവരെ പിന്നീട് ഏറെക്കാലം സംരക്ഷിച്ചത് ആനിയായിരുന്നു. നിലവില്‍ തങ്കമ്മ ഏതോ അനാഥാലയത്തിലാണെന്ന് പറയപ്പെടുന്നു.
Next Story

RELATED STORIES

Share it