thiruvananthapuram local

ആക്കുളത്ത് മാലിന്യം ഉപയോഗിച്ച് ചതുപ്പ് നികത്തിയ സംഭവം: ജില്ലാ കലക്ടറോട് വിശദീകരണം തേടി

തിരുവനന്തപുരം: ആക്കുളം കായലിനോട് അനുബന്ധമായുള്ള ചതുപ്പുനിലം നികത്തുന്നതിനെക്കുറിച്ച് ജില്ലാ കലക്ടറോട് തീരദേശ പരിപാലന അതോറിറ്റി വിശദീകരണം ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് അതോറിറ്റി കലക്ടര്‍ക്ക് നോട്ടീസ് അയച്ചത്.
ജില്ലാകലക്ടറുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ആക്കുളം കായലിന് സമീപമുള്ള ചതുപ്പ് നിലം, നാഷനല്‍ ഹൈവേ അതോറിറ്റി നികത്തുന്നത്. ആക്കുളം കായലിനോട് ചേര്‍ന്നുകിടക്കുന്ന മൂന്ന് സര്‍വെ നമ്പറുകളില്‍ പെട്ട ഭൂമിയാണ് ഹൈവേ നിര്‍മാണത്തിന് ശേഷം വരുന്ന പാഴ് വസ്തുക്കളും മണ്ണും ഇട്ട് നികത്തുന്നത്. ഇതിന് അനുമതി നല്‍കിയത് ജില്ലാ കലക്ടറാണ്. ഈ ഭൂമിയിലെ 662ഉും 664ഉും സര്‍വേ നമ്പറുകള്‍ കായലിനോട് തൊട്ടടുത്തതും തീരദേശ പരിപാലനിയമം അനുസരിച്ച് സോണ്‍ 2ല്‍ പെടുന്ന സംരക്ഷിത പ്രദേശവുമാണ്. ഇത് നികത്തുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനെ തടര്‍ന്നാണ് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി ഇടപെട്ടത്.
ചതുപ്പ് നികത്താന്‍ അനുവാദം നല്‍കിയത് എങ്ങിനെയാണെന്നതിനെ കുറിച്ചാണ് ജില്ലാകലക്ടറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. തീരദേശപരിപാലനിയമവും നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമവും ലംഘിച്ചുകൊണ്ടുള്ള നികത്തലാണ് ആക്കുളത്ത് പുരോഗമിക്കുന്നത്.
സിആര്‍ഇസഡ് ഭൂമിയില്‍ നിര്‍മാണമോ, പാഴ്‌വസ്തുക്കളും മാലിന്യവും മണ്ണും ഇട്ടുള്ള നികത്തലോ നടത്തുന്നത് നിയമവിരുദ്ധമാണ്. തീരദേശ പരിപാലന നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കാവുന്ന കുറ്റമാണ് ജില്ലാ ഭരണകൂടവും ദേശീയപാതാ വികസന അതോറിറ്റിയും ചെയ്തുവരുന്നതെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it