Kozhikode

ആകെയുള്ളത് എട്ടു വിദ്യാര്‍ഥികള്‍; ഗാന്ധിജിയുടെ പേരിലുള്ള സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

ആകെയുള്ളത് എട്ടു വിദ്യാര്‍ഥികള്‍; ഗാന്ധിജിയുടെ പേരിലുള്ള സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍
X
മുക്കുട്ടൂതറ: ഒരു കാലത്ത് കുട്ടികളാല്‍ നിറഞ്ഞ് കവിഞ്ഞ രാഷ്ട്ര പിതാവിന്റെ പേരിലുള്ള പാണപിലാവ് ഗവ. എല്‍.പി. സ്‌കൂള്‍ ഇന്ന് കുട്ടികളില്ലാതെ അടച്ചു പൂട്ടലിന്റെ ഭീഷണിയില്‍. ഒന്നുമുതല്‍ നാല് വരെയുള്ള ക്ലാസുകളിലായി ആകെയുള്ളത് എട്ട് കുട്ടികളാണ്. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഒരാള്‍ വീതവും മൂന്നാം ക്ലാസില്‍ രണ്ട് പേരും നാലാം ക്ലാസില്‍ നാല് പേരുമാണ് ഉള്ളത്. gandji

ഒന്നാം ക്ലാസില്‍ സനൂഷയും രണ്ടാം ക്ലാസില്‍ വിനീതയുമാണ് ആകെയുള്ള വിദ്യാര്‍ഥികള്‍. പഠിപ്പിക്കാനായി പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മാത്രം. കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ട സ്ഥിതിയാണ് പലപ്പോഴും. അധ്യാപകരില്‍ ഒരാള്‍ എത്തിയില്ലെങ്കില്‍ അധ്യയനം തന്നെ മുടങ്ങുന്ന സ്ഥിതി. കിഴക്കന്‍ മലയോരമേഖലയിലെ ആദ്യത്തെ സ്‌കൂള്‍ കൂടിയാണിത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിലും ഒന്നാം ക്ലാസില്‍ ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. സമീപത്തെ എരുത്വാപ്പുഴ മലവേടര്‍ ആദിവാസി കോളനിയിലെ നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ മാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ പഠിക്കാനെത്തുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്നു ഇവര്‍ക്ക് സഹായങ്ങളും അനുവദിക്കാറുണ്ട്.

സ്‌കൂളിന്റെ പിന്നാക്ക സ്ഥിതി പരിഹരിക്കാനായി കഴിഞ്ഞ ദിവസം പ്രധാന അധ്യാപകനായി പ്രത്യേകം നിയമിക്കപ്പെട്ട ഇടക്കുന്നം സ്വദേശി ഫൈസലിന്റെ നേതൃത്വത്തില്‍ ഇന്നലെ സ്‌കൂളില്‍ പി.ടി.എ. യോഗം വിളിച്ചുചേര്‍ത്തിരുന്നു. അധ്യയന വര്‍ഷം ആരംഭിച്ചുകഴിഞ്ഞതിനാല്‍ ഇനി കുട്ടികളെ കിട്ടാന്‍ പ്രയാസമാണെങ്കിലും വീടുകള്‍ കയറിയിറങ്ങി തീവ്രശ്രമം നടത്തുമെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു. മലവേടര്‍ കോളനിയിലെ നിരവധി കുടുംബങ്ങള്‍ കൊല്ലം അരിപ്പയില്‍ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനാലാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത്.

ഒപ്പം മറ്റ് പ്രദേശങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കാണ് കുട്ടികളുടെ ഒഴുക്ക്. എങ്കിലും സര്‍ക്കാര്‍ സ്‌കൂളിനേയും രാഷ്ട്രപിതാവിനേയും സ്‌നേഹിക്കുന്നവര്‍ ആരെങ്കിലും സ്‌കൂള്‍ നിലനിര്‍ത്താന്‍ കുട്ടികളെ അയക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. കുടുതല്‍ കുട്ടികള്‍ എത്തി തുടങ്ങിയാല്‍ സ്‌കൂളിന്റെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
Next Story

RELATED STORIES

Share it