ആം ആദ്മി പാര്‍ട്ടി ഓഫിസ് റെയ്ഡ്; പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ പരാതിയെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ പാലാ ഓഫിസ് കോട്ടയം കലക്ടര്‍ റെയ്ഡ് ചെയ്യുകയും പ്രചാരണ സാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആം ആദ്മിയുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ഓഫിസ് റെയ്ഡില്‍ നിരവധി സാധനസാമഗ്രികള്‍ കലക്ടറുടെ സംഘം പിടിച്ചെടുത്തെന്നും പാര്‍ട്ടി ഓഫിസിലെ ഭിത്തിയില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ വരെ കീറിയെടുത്താണ് സംഘം പോയതെന്നും ആം ആദ്മി ഭാരവാഹികള്‍ പറഞ്ഞു.
ഓഫിസിലുണ്ടായിരുന്ന മുഴുവന്‍ പ്രവര്‍ത്തകരുടേയും പേരും മേല്‍വിലാസവും പോലിസ് എഴുതിയെടുക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും അവര്‍ ആരോപിച്ചു. പാലാ ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ കളങ്കിതരായ ജനപ്രതിനിധികള്‍ക്കെതിരേ പ്രചാരണം നടത്തിവരുകയാണ് ആം ആദ്മി പാര്‍ട്ടിയെന്നും അതിനിടെ കെ എം മാണിയുടെ പരാതിയെ തുടര്‍ന്ന് പലതവണ പാര്‍ട്ടിപ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തെന്നും അവര്‍ പറഞ്ഞു.
നിരവധി അഴിമതി ആരോപണങ്ങളുമായി നില്‍ക്കുന്ന കെ എം മാണിക്ക് ആം ആദ്മിയുടെ പ്രചാരണം കൂടെയായപ്പോള്‍ പരാജയഭീതി വര്‍ധിച്ചതാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ കാരണം. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ ബാബുവിനെതിരേ പ്രചാരണം നടത്തിയ ആം ആദ്മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവിടെയും പ്രചാരണം കൂടുതല്‍ ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്മി സംസ്ഥാന വക്താവ് ഷൈബു മഠത്തില്‍, ജില്ലാ സെക്രട്ടറി ജെബിന്‍ ജോസ്, ജില്ലാ മീഡിയാ കണ്‍വീനര്‍ സണ്ണി എലനോളി പങ്കെടുത്തു.
Next Story

RELATED STORIES

Share it