ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ജോണ്‍ ഫെര്‍ണാണ്ടസ് സഭയിലേക്ക്

കൊച്ചി: നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ജോണ്‍ ഫെര്‍ണാണ്ടസിനെ നാമനിര്‍ദേശം ചെയ്തു. ഇതുസംബന്ധിച്ച ഗവര്‍ണറുടെ വിജ്ഞാപനം ഇന്നലെ ഇറങ്ങി. 1996-2001 നിയമസഭയിലും ഇദ്ദേഹം ആംഗ്ലോഇന്ത്യന്‍ എംഎല്‍എയായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജോണ്‍ ഫെര്‍ണാണ്ടസ് വിദ്യാര്‍ഥിസംഘടന വഴിയാണ് പൊതുരംഗത്തെത്തുന്നത്.
1978ല്‍ സിപിഎം അംഗമായി. 91-93ല്‍ ചെല്ലാനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി, '94 മുതല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായി. ഇടക്കാലത്ത് കൊച്ചി ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായി. 2015 മുതലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായത്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിലവില്‍ ജില്ലാ നിര്‍വാഹക സമിതി അംഗമാണ്.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ നാടകരംഗത്തും സജീവമായ ഇദ്ദേഹം നിരവധി നാടകങ്ങളും രചിച്ചു. നിയമസഭാംഗമായിരിക്കെ പരിസ്ഥിതി കമ്മിറ്റി അംഗമായും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ട് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
ലിയോണ്‍ ഫെര്‍ണാണ്ടസിന്റെയും മേരിയുടെയും മകനായി കലൂരില്‍ 1961 ഏപ്രില്‍ 27നാണ് ജോണ്‍ ഫെര്‍ണാണ്ടസിന്റെ ജനനം. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എന്‍ പി ജെസിയാണു ഭാര്യ. വിദ്യാര്‍ഥികളായ ഋത്വിക് ജോണ്‍, അന്ന അനഘജോണ്‍ എന്നിവരാണു മക്കള്‍.
Next Story

RELATED STORIES

Share it