wayanad local

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കുഴിനിലത്തെ അഗതിമന്ദിരം

മാനന്തവാടി: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കുഴിനിലത്തെ പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള അഗതിമന്ദിരത്തിന് ശാപമോക്ഷമായില്ല. മാനസിക വൈകല്യമുള്ള സ്ത്രീകളെയുള്‍പ്പടെ പുനരധിവസിപ്പിക്കുന്നതിനായി കുഴിനിലത്ത് പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരമാണ് അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നത്.
ഇതിനായി 50 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടംപോലും അധികൃതരുടെ അനാസ്ഥകാരണം കാടുമൂടിയിരിക്കുകയാണ്. വൈദ്യുതിയും വെള്ളസൗകര്യവും ചുറ്റുമതിലും നിര്‍മിക്കാത്തതാണ് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ കാലതാമസത്തിനിടയാക്കുന്നത്. നിലവില്‍ 32 അന്തേവാസികളാണ് ഇവിടെയുള്ളത്. ഇതില്‍ ഭൂരിഭാഗംപേരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. താമസിക്കുന്ന കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. അന്തേവാസികളില്‍ മിക്കവരും പലവിധ രോഗങ്ങളാലും പ്രയാസപ്പെടുന്നു. ആശുപത്രിയിലെത്തിക്കാന്‍ സ്വന്തമായി ആംബുലന്‍സ് സൗകര്യവുമില്ല. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ആംബുലന്‍സിനെയാണ് ആശ്രയിക്കുന്നത്.
ഇതു പലപ്പോഴും ലഭ്യമാകാത്തതിനാല്‍ സ്വന്തമായി വാഹനസൗകര്യം വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവിടെ എത്തിപ്പെടാനുള്ള റോഡും തകര്‍ന്നുകിടക്കുകയാണ്. വയലിനോട് ചേര്‍ന്ന റോഡായതിനാല്‍ മണ്ണിട്ട് ഉയര്‍ത്താത്തതാണ് തകരാന്‍ കാരണം.
വൃദ്ധസദനമായി പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ കേന്ദ്രം പിന്നീട് പട്ടികവര്‍ഗ്ഗ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഒരു വാര്‍ഡനും ഒരു ആയയുമാണ് ജോലി ചെയ്യുന്നത്. നിരാലംബരും അഗതികളുമായ സ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രം കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി സന്ദര്‍ശിച്ചിരുന്നു. ഇവരുടെ വാഗ്ദാനത്തിലാണ് അന്തേവാസികളുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it