അസ്‌ലന്‍ഷാ കപ്പ് ഹോക്കി: പാകിസ്താനെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ഇപോ(മലേസ്യ: സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കിയില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ യുവനിര പാകിസ്താനെ നിഷ്പ്രഭരാക്കിയത്.
ഇരട്ടഗോളുകള്‍ നേടിയ എസ് വി സുനിലാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. മന്‍പ്രീത് സിങ്, തല്‍വീന്ദര്‍ സിങ്, രൂപീന്ദര്‍പാല്‍ സിങ് എന്നിവരും ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി. പാകിസ്താന്റെ ഏക ഗോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഫാന്റെ വകയായിരുന്നു.
ഈ വിജയത്തോടെ ഇന്ത്യ പോയിന്റ്പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു.
തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കാനഡയെ 1-0നു കഷ്ടിച്ചു മറികടന്ന ഇന്ത്യ ഇന്നലെ മികച്ച പ്രകടനമാണ് തുടക്കം മുതല്‍ കാഴ്ചവച്ചത്. നാലാം മിനിറ്റില്‍ത്തന്നെ മന്‍പ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. ഏഴാം മിനിറ്റില്‍ ഇര്‍ഫാനിലൂടെ പാകിസ്താന്‍ സമനില കണ്ടെത്തി.
എന്നാല്‍ 10ാം മിനിറ്റില്‍ സുനിലിലൂടെ ലീഡ് തിരിച്ചുപിടിച്ച ഇന്ത്യ മല്‍രത്തില്‍ പിടിമുറുക്കി. 41ാം മിനിറ്റില്‍ സുനില്‍ വീണ്ടും ലക്ഷ്യംകണ്ടപ്പോള്‍ 50ാം മിനിറ്റില്‍ തല്‍വീന്ദറും 54ാം മിനിറ്റില്‍ രൂപീന്ദറും സ്‌കോര്‍ ചെയ്തതോടെ ഇന്ത്യന്‍ വിജയം ആധികാരികമായി.
ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കളിയില്‍ ഇന്ത്യ നിലവിലെ ജേതാക്കളായ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it