അസ്വാരസ്യങ്ങള്‍ ഒഴിയാതെ മുന്നണികള്‍; ഭീഷണിയായി വിമതര്‍

തിരുവനന്തപുരം: നാമനിര്‍ദേശപത്രികാ സമര്‍പ്പണം കഴിഞ്ഞിട്ടും മുന്നണികളിലെ അസ്വാരസ്യങ്ങള്‍ക്കു പരിഹാരമായില്ല. ഒപ്പം വിമതരും മുന്നണികള്‍ക്കു ഭീഷണിയാണ്. തര്‍ക്കങ്ങള്‍ രൂക്ഷമായിട്ടുള്ളത് യുഡിഎഫിലാണ്. എല്‍ഡിഎഫിലും ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അതേസമയം, സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായ ഇടങ്ങളില്‍ പ്രചാരണരംഗവും സജീവമായിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ബാക്കിവച്ചാണ് യുഡിഎഫ് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം നിലനില്‍ക്കുന്ന മലപ്പുറത്ത് സൗഹൃദമല്‍സരം ഉറപ്പായിട്ടുണ്ട്. എട്ട് പഞ്ചായത്തുകളില്‍ സൗഹൃദമല്‍സരം നടക്കുമെന്നാണു നേതാക്കള്‍ പറയുന്നത്. പത്തനംതിട്ടയില്‍ പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ്സിനെ ബ്ലോക് പഞ്ചായത്തില്‍ മൂന്ന് സീറ്റ് നല്‍കി അനുനയിപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലും ലീഗ്- കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാണ്. കൊല്ലം കോര്‍പറേഷനില്‍ യുഡിഎഫിനുള്ളില്‍ ത്രികോണമല്‍സരത്തിനു കളമൊരുങ്ങിയിട്ടുണ്ട്. വെവ്വേറെ മല്‍സരിക്കാനായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. കോട്ടയത്തെ കേരള കോണ്‍ഗ്രസ്-കോണ്‍ഗ്രസ് തര്‍ക്കങ്ങളും പലയിടത്തും സൗഹൃദമല്‍സരത്തിലേക്കു നീങ്ങുകയാണ്.

എറെക്കുറെ എല്ലാ ജില്ലകളിലും കോണ്‍ഗ്രസ്സിന് വിമതരുണ്ട്. എറണാകുളം നഗരസഭയില്‍ 22 കോണ്‍ഗ്രസ് വിമതര്‍ പത്രിക നല്‍കി. പത്തനംതിട്ടയില്‍ എല്ലാ ജില്ലാ പഞ്ചായത്തിലെ എല്ലാ ഡിവിഷനിലും എ, ഐ ഗ്രൂപ്പുകാര്‍ നില്‍ക്കുന്നുണ്ട്. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ 26 ഇടങ്ങളില്‍ വിമതരായി നില്‍ക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കാസര്‍കോടും യുഡിഎഫിനുള്ളില്‍ അമര്‍ഷം നിലനില്‍ക്കുന്നു. വരുംദിവസങ്ങളിലെ ചര്‍ച്ചകളിലൂടെ വിമതരെ പിന്‍വലിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.സൗഹൃദമല്‍സരങ്ങളും വിമതരും കുറവുള്ള എല്‍ഡിഎഫ് പൊതുവെ ആത്മവിശ്വാസത്തിലാണ്. ആലപ്പുഴയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പിണറായി വിജയന്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. തിരുവനന്തപുരത്തെ നെല്ലനാടാണ് സിപിഎം-സിപിഐ സൗഹൃദമല്‍സരം നടക്കുന്ന ഏക പഞ്ചായത്ത്. പത്രികാസമര്‍പ്പണം പൂര്‍ത്തിയാവുമ്പോള്‍ പ്രചാരണരംഗത്ത് ആദ്യ മേല്‍കൈ നേടിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച് 98 ശതമാനം സീറ്റുകളിലും നേരത്തെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. സീറ്റ് വിഭജനം ഐക്യത്തോടെ പൂര്‍ത്തിയാക്കാനും ഇവര്‍ക്കു കഴിഞ്ഞു.
Next Story

RELATED STORIES

Share it