അസിസ്റ്റന്റ് പരീക്ഷയ്ക്ക് മലയാളം ഒഴിവാക്കിയ നടപടി; പിഎസ്‌സി ഓഫിസില്‍ എഴുത്തുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: തൊഴില്‍പരീക്ഷകളില്‍നിന്ന് മലയാളം ഒഴിവാക്കിയ പിഎസ്‌സിയുടെ നടപടിക്കെതിരേ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധിച്ചു. മലയാള ഐക്യവേദി, മലയാളസമിതി, മലയാള സംരക്ഷണവേദി എന്നീ മാതൃഭാഷാ സംഘടനകളുടെ പൊതുവേദിയായ ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. ചെയര്‍മാനെ കാണാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
എന്നാല്‍, പോലിസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നു തടഞ്ഞത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഒടുവില്‍ സമരക്കാര്‍ ചെയര്‍മാന്റെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. കമ്മീഷന്‍ യോഗം അവസാനിച്ച ഉടനായിരുന്നു പ്രതിഷേധം അരങ്ങേറിയത്. മെയ് 24നു നടക്കുന്ന യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയില്‍നിന്ന് മലയാളം ചോദ്യവിഭാഗം ഒഴിവാക്കിയ നടപടിയാണ് സമരത്തിനു വഴിവച്ചത്. ഇന്നലെ രാവിലെ 10 മണിക്ക് പിഎസ്‌സി ആസ്ഥാന മന്ദിരത്തിനു മുന്നില്‍ സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമത്തിനുശേഷം സാഹിത്യകാരന്മാരായ വി മധുസൂദനന്‍നായര്‍, കെ പി രാമനുണ്ണി എന്നിവര്‍ ചെയര്‍മാനെ കാണാന്‍ അനുവാദം ചോദിച്ചു.
എന്നാല്‍, ചെയര്‍മാന്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് സംഗമത്തില്‍ പങ്കെടുത്ത എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ശബ്ദമുയര്‍ത്തി. കവാടത്തില്‍നിന്ന് മുദ്രാവാക്യം വിളികളോടെ ജാഥയായി നീങ്ങിയ എഴുത്തുകാരെ സെക്യൂരിറ്റി ജീവനക്കാരും പോലിസും ചേര്‍ന്ന് തടഞ്ഞു. ചെയര്‍മാന്റെ ഓഫിസിനു മുന്നിെലത്തെിയ ജാഥാംഗങ്ങള്‍ നിലത്തിരുന്ന് മുദ്രാവാക്യം വിളിച്ചും കവിത ചൊല്ലിയും പ്രതിഷേധിച്ചു. ഒടുവില്‍ ചെയര്‍മാന്‍ വഴങ്ങി. കവി മധുസൂദനന്‍നായരെയും കെ പി രാമനുണ്ണിയെയും കാണാമെന്നു സമ്മതിച്ചു. ഇത്തവണത്തെ സര്‍വകലാശാലാ പരീക്ഷയില്‍ മലയാളം ഉള്‍ക്കൊള്ളിക്കാന്‍ നിവൃത്തിയില്ലെന്നാണ് ചെയര്‍മാന്‍ അറിയിച്ചത്. മെയ് 24ലെ സര്‍വകലാശാലാ അസിസ്റ്റന്റ് പരീക്ഷയില്‍ പിഎസ്‌സി നിലപാടു മാറ്റിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ കേരളമെമ്പാടും ആവിഷ്‌കരിക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം ചെയര്‍മാന്‍ മുന്നറിയിപ്പു നല്‍കി.
മലയാളത്തില്‍ വോട്ടുചോദിക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഈ വിഷയത്തിലുള്ള അഭിപ്രായം സത്യസന്ധമായി പ്രകടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എഴുത്തുകാരുടെ സംഗമം വി മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. വി എന്‍ മുരളി അധ്യക്ഷത വഹിച്ചു. പ്രഫ. വിശ്വമംഗലം സുന്ദരേശന്‍, വിനോദ് വൈശാഖി, വര്‍ക്കല ഗോപാലകൃഷ്ണന്‍, ആര്‍ അജയന്‍, ഹരിദാസന്‍, ആര്‍ നന്ദകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it