അസിസ്റ്റന്റ് നിയമനം; പുനപ്പരിശോധനാ ഹരജി ഹൈക്കോടതി തള്ളി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് നിയമനം നടത്തരുതെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാവ് നല്‍കിയ പുനപ്പരിശോധാ ഹരജിയും റിട്ടും ഹൈക്കോടതി തള്ളി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നും നിയമനം പിഎസ്‌സിക്കു കൈമാറണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. നൂറോളമാളുകള്‍ക്ക് ജോലിക്ക് ഹാജരാകുന്നതിന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലിസ്റ്റില്‍ നിന്നുള്ളവര്‍ ജോലിക്കെത്തിത്തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഹൈക്കോടതി നടപടിയെതുടര്‍ന്ന് 2005ല്‍ വിജ്ഞാപനമിറക്കിയ പ്യൂണ്‍-വാച്ച്മാന്‍ നിയമനം അനിശ്ചിതത്വത്തിലായി. സര്‍വകലാശാലയില്‍ നടന്ന നിയമനത്തിനെതിരെ മുന്‍ വിസി ആരോപണമുന്നയിച്ചിരുന്നു.
നിയമനവുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റംഗം രാജീവന്‍ മല്ലിശ്ശേരി നല്‍കിയ റിപോര്‍ട്ടില്‍ അപാകതയുള്ളതിനാല്‍ റിപോര്‍ട്ട് വിസി തള്ളിയിട്ടുണ്ട്. ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമനംമാത്രം ബാക്കിനില്‍ക്കെ പ്യൂണ്‍-വാച്ച്മാന്‍ നിയമനത്തിനെതിരെ കൃത്രിമം നടന്നതായി ആരോപിച്ച് മുന്‍ വിസി രംഗത്തുവന്നതാണ് തിരിച്ചടിയായത്. സര്‍വകലാശാലയില്‍ പ്യൂണ്‍-വാച്ച്മാന്‍ നിയമനം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമേ നടത്തുന്നതിനാവുകയുള്ളൂ. ഈ തസ്തികയില്‍ നിലവില്‍ നൂറിലധികം ഒഴിവുകള്‍ നികത്താനുണ്ട്.
Next Story

RELATED STORIES

Share it