അസാന്‍ജിനെ വിട്ടയക്കണമെന്ന് യുഎന്‍ സമിതി

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ നിരുപാധികം വിട്ടയക്കണമെന്നും അന്യായ തടവിന് നഷ്ടപരിഹാരം ലഭിക്കാന്‍ അദ്ദേഹം അര്‍ഹനാണെന്നും യുഎന്‍ നിയമ സമിതിയുടെ കണ്ടെത്തല്‍.
അസാന്‍ജിന്റെ നിര്‍ബന്ധിത കസ്റ്റഡിക്ക് അന്ത്യം കാണണമെന്നും അദ്ദേഹത്തിന്റെ ശാരീരിക സ്വസ്ഥതയും ചലന സ്വാതന്ത്ര്യവും മാനിക്കപ്പെടേണ്ടതുണ്ടെന്നും യുഎന്‍ വര്‍ക്കിങ് ഗ്രൂപ്പ് വ്യക്തമാക്കി. റിപോര്‍ട്ട് മാറ്റങ്ങളൊന്നുമുണ്ടാക്കില്ലെന്നും ഇത് അവരുടെ മാത്രം അഭിപ്രായമാണെന്നും ബ്രിട്ടിഷ് വിദേശകാര്യ ഓഫിസ് പ്രതികരിച്ചു.
ബലാല്‍സംഗക്കേസില്‍ സ്വീഡനിലേക്ക് നാടുകടത്തല്‍ ഭീഷണി നേരിടുന്ന 44കാരനായ അസാന്‍ജ് അറസ്റ്റ് ഒഴിവാക്കുന്നതിന് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ്. എംബസിയില്‍ നിന്നു പുറത്തുകടന്നാല്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അസാന്‍ജ് യുഎന്‍ സമിതിക്ക് പരാതി നല്‍കിയിരുന്നു.
യുഎന്‍ സമിതി തീരുമാനം എതിരാണെങ്കില്‍ ബ്രിട്ടിഷ് പോലിസില്‍ കീഴടങ്ങാനുള്ള സന്നദ്ധതയും അസാന്‍ജ് അറിയിച്ചിരുന്നു. 2010ലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ആസ്‌ത്രേലിയന്‍ പൗരനായ അസാന്‍ജിനെ സ്വീഡന്‍ വിചാരണയ്ക്കായി ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it