അസഹിഷ്ണുത സാമ്പത്തിക വികസനം തടയും

ന്യൂഡല്‍ഹി: രാജ്യത്ത് സ്വതന്ത്രചിന്തകര്‍ ആക്രമിക്കപ്പെടുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ആശയവ്യത്യാസങ്ങളുടെ പേരില്‍ ചിന്തകര്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഭക്ഷണശീലത്തിന്റെയോ ജാതിയുടെയോ പേരില്‍ സാധാരണക്കാര്‍ ആക്രമിക്കപ്പെടുന്നതിനും യാതൊരു ന്യായീകരണവുമില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരന്മാരുടെ ആവിഷ്‌ക്കാരം, ചിന്ത, വിശ്വാസ സ്വാതന്ത്ര്യങ്ങള്‍ക്കു നേരെ അക്രമകാരികളായ ചില തീവ്രവാദ സംഘങ്ങള്‍ രാജ്യത്ത് പരസ്യമായ തരത്തിലുള്ള കൈയേറ്റങ്ങള്‍ നടത്തുകയാണ്. ദുരന്തസമാനമായ ഇത്തരം സംഭവങ്ങളില്‍ രാജ്യം ഏറെ ആശങ്കയിലാണ്. വിയോജിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ നിലനില്‍പിനും പുരോഗതിക്കും ഐക്യം, നാനാത്വം, മതേതരത്വം, ബഹുസ്വരത എന്നിവയോടുള്ള ആദരവ് ഏറെ പ്രധാനമാണ്. ഇന്ത്യയെന്നത് സമ്പന്നമായ ഒരു നാനാത്വമാണ്. അതു നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ബഹുസ്വരതയോടും സാമുദായിക സഹവര്‍ത്തിത്വത്തോടുമുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോരുത്തരും തയ്യാറാവണം. കലര്‍പ്പില്ലാത്ത ഈ പ്രതിബദ്ധത പുരാതനമായ ഇന്ത്യന്‍ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.സമാധാനം എന്നത് മനുഷ്യന്റെ നിലനില്‍പിനും അതിജീവനത്തിനും മാത്രമല്ല, ബൗദ്ധിക വളര്‍ച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും കൂടി അനിവാര്യമാണ്. സ്വാതന്ത്ര്യമില്ലാതെ സമാധാനമോ സമാധാനം ഇല്ലാതെ സ്വാതന്ത്ര്യമോ ഉണ്ടാവില്ലെന്ന നെഹ്‌റുവിന്റെ വാക്കുകള്‍ ഇപ്പോഴും പ്രസക്തമാണ്. രാജ്യത്ത് സംഘര്‍ഷം നിലനില്‍ക്കുന്നത് നിക്ഷേപകരെ അകറ്റുമെന്നും സ്വാതന്ത്ര്യമില്ലാതെ സ്വതന്ത്ര വിപണി ഉണ്ടാവില്ലെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it