അസഹിഷ്ണുത വര്‍ധിച്ചെന്ന്  പ്രതിരോധ ഗവേഷണകേന്ദ്രം

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: രാജ്യത്ത് മതപരമായ അസഹിഷ്ണുതയും പ്രകോപനങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഗവേഷണ കേന്ദ്രം. പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് ആനാലിസിസ് അടുത്ത ദിവസം നടത്താനിരിക്കുന്ന സെമിനാറിന്റെ വിഷയാവതരണക്കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.
രാജ്യത്ത് സുരക്ഷിതത്വമില്ലായ്മയുടെയും ഒറ്റപ്പെടുത്തലിന്റെയും സാഹചര്യം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ ധ്രുവീകരണം തടയുന്നതില്‍ മതേതര രാഷ്ട്രീയത്തിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിഞ്ഞേക്കും. മതപരമായ അസഹിഷ്ണുതയുടെയും പ്രകോപനങ്ങളുടെയും സാഹചര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള സാമൂഹിക മാധ്യമങ്ങളുടെയും ഇക്ട്രോണിക് മാധ്യമങ്ങളുടെയും സഹായത്തോടെ ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങളില്‍ എത്തുന്നുണ്ട്. ഇവ പിന്നീട് സുരക്ഷിതത്വമില്ലായ്മയുടെയും ഒറ്റപ്പെടുത്തലിന്റെയും വൈകാരികമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും കുറിപ്പ് വിലയിരുത്തുന്നു. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ തീവ്രവാദത്തിന് സഹായകമാവുന്നുണ്ടെന്നും കുറിപ്പ് പറയുന്നു. ഒറ്റപ്പെടുത്തലിന്റെ യഥാര്‍ഥ കാരണങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനായി വ്യവസ്ഥാപിതമായ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണം. സാമൂഹികമായ ധ്രുവീകരണത്തില്‍ നിന്നു മുതലെടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ട്. ധ്രുവീകരണം തടയാനും വികസനം ഉറപ്പു വരുത്താനും മതേതര രാഷ്ട്രീയം ഒരു സുപ്രധാന മാര്‍ഗമാണ്. ഇറാഖിലും സിറിയയിലുമുള്ള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം രാജ്യത്ത് ഇതുവരെ വളരെ ചെറുതാണ്. എന്നാല്‍ രാജ്യത്ത് വളര്‍ന്നു വരുന്ന യുവാക്കളെ ഒരു മുതല്‍ക്കൂട്ടാക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം അതൊരു ദുരന്തമായിരിക്കുമെന്നും കുറിപ്പ് മുന്നറിയിപ്പ് നല്‍കുന്നു.ഈ മാസം ഒമ്പതിനാണ് ഇന്‍സ്റ്റിറ്റിയൂട്ട് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തുന്ന മൂന്നാമത് വാര്‍ഷിക സെമിനാറാണിത്.
1965ല്‍ സ്ഥാപിതമായ പ്രതിരോധ മന്ത്രാലയത്തിന്റെ തുക കൊണ്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ബോര്‍ഡില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും അംഗമാണ്. അഫ്ഗാനിസ്താന്‍, അള്‍ജീരിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ അംബാസഡറായിരുന്ന ജയന്ത് പ്രസാദ് ആണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിലവിലെ മേധാവി.
Next Story

RELATED STORIES

Share it