അസഹിഷ്ണുത: ഭരണകൂടത്തിന്റെ പരാജയമെന്ന് ആംനസ്റ്റി

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: രാജ്യത്തുണ്ടായ നൂറു കണക്കിന് സാമുദായിക സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടെന്ന് ആംനസ്റ്റി ഇന്റര്‍ നാഷനല്‍. ഔദ്യോഗിക നയങ്ങളെ എതിര്‍ക്കുന്ന സംഘടനകളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇന്നലെ പുറത്തിറക്കിയ വാര്‍ഷിക റിപോര്‍ട്ടില്‍ ആംനസ്റ്റി കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ മതപരമായ ആശങ്കകള്‍ വര്‍ധിച്ചു. ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള വിവേചനങ്ങളും അതിക്രമങ്ങളും വ്യാപകമാണെന്നും റിപോര്‍ട്ട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 1987ല്‍ 42 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കുറ്റാരോപിതരായ 16 പോലിസുകാരെ കഴിഞ്ഞ വര്‍ഷം വെറുതെ വിട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ തീവ്ര ഹിന്ദു സംഘടനകളുടെ സെന്‍സര്‍ഷിപ്പും അക്രമവും വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാരും കലാകാരന്മാരും ശാസ്ത്രജ്ഞരും ദേശീയ ബഹുമതികള്‍ തിരിച്ചു കൊടുത്തു. സായുധ വിഭാഗങ്ങളില്‍ നിന്നു പൗരന്മാര്‍ക്കെതിരേ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റിപോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്.
രാജ്യത്തെ ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനം പഴുതുകള്‍ നിറഞ്ഞതാണ്. നീതിയുക്തമായ വിചാരണ പലപ്പോഴും നടക്കുന്നില്ല. വിചാരണ കൂടാതെ കൊലപാതകങ്ങളും പീഡനങ്ങളും നടക്കുന്നു. രാജ്യത്തെ ജയിലുകളില്‍ വിചാരണത്തടവുകാരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്. തടവുകാരില്‍ മുസ്‌ലിംകള്‍, ആദിവാസികള്‍, ദലിതുകള്‍ എന്നീ വിഭാഗങ്ങളുടെ എണ്ണം അവരുടെ ജനസംഖ്യാ അനുപാതത്തേക്കാള്‍ കൂടുതലാണ്. രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ മാനഭംഗമടക്കമുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിലും റിപോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം നാഗാലന്‍ഡിലെ സായുധ വിഭാഗങ്ങളുമായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന സമാധാനക്കരാറിനെ റിപോര്‍ട്ട് പ്രശംസിക്കുന്നുണ്ട്. ലോകരാജ്യങ്ങളിലെ മനുഷ്യാവകാശ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള 408 പേജുള്ള വാര്‍ഷിക റിപോര്‍ട്ടില്‍ 181 മുതല്‍ 186 വരെ പേജുകളിലാണ് ഇന്ത്യയിലെ സ്ഥിതിവിശേഷങ്ങളെ വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it