Flash News

അസഹിഷ്ണുത കൃത്രിമ സൃഷ്ടി: ജെയ്റ്റ്‌ലി

ദുബയ്; ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്നും ഭരണകൂടം അതിന് പശ്ചാത്തലമൊരുക്കുകയുമാണെന്ന ആക്ഷേപങ്ങള്‍ കൃത്രിമമായി ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി  ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുന്നതാണ് ഈ പ്രചാരണങ്ങളെല്ലാം. അടിസ്ഥാനപരമായി തികഞ്ഞ സൗഹാര്‍ദ്ദാന്തരീക്ഷമാണ് ഇന്ത്യയിലെല്ലായിടത്തുമുള്ളത്. ചിലര്‍ പത്രങ്ങളിലൂടെ എന്തെങ്കിലും പ്രസ്താവിച്ചു എന്നത് കൊണ്ട് ഈ അന്തരീക്ഷം തകരില്ല. അവിടെ അസഹിഷ്ണുതയാണെന്നുള്ള പ്രചാരണമാണ് ഇല്ലാതാക്കേണ്ടത്. മാധ്യമങ്ങളില്‍ വരുന്നതല്ല യാഥാര്‍ത്ഥ്യം. ഇക്കാര്യം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ജെയ്റ്റ്‌ലി അഭ്യര്‍ത്ഥിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിട്ടുണ്ട്. ലോകത്തിലെ സാമ്പത്തിക വ്യവസ്ഥ മറ്റൊരിക്കലുമില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എണ്ണ, ലോഹം തുടങ്ങിയവയുടെയെല്ലാം വിലയിടിഞ്ഞിരിക്കുന്നു. എണ്ണയുടെ വിലയിടിവ് ഗള്‍ഫ് നാടുകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യക്ക് ഇത് ഏറെ അനുകൂലമായ സാഹചര്യമാണ്. ഇന്ത്യക്ക് കരുതല്‍ ശേഖരം ഏറെ വളര്‍ത്താനായി. അത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഉപയോഗിക്കാന്‍ കഴിയുന്നു. എന്നാല്‍ മറ്റുചില ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് ഇന്ത്യക്ക് ദോഷകരവുമാണ്. നിക്ഷേപകര്‍ക്ക് അതിനുള്ള സാഹചര്യവും വിശ്വാസവും ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. ഇന്ത്യയും യു.എ.ഇ യും  തമ്മില്‍ അത്തരത്തിലുള്ള വിശ്വാസം രൂപപ്പെട്ടിട്ടുണ്ട്. നേരത്തെ ചില യു.എ.ഇ കമ്പനികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുമായിട്ടുണ്ട്. യു.എ.ഇ ധനകാര്യമന്ത്രിയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലും ഇത് വിഷയമായിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മറീന അഡ്രസ്സ് ഹോട്ടലില്‍ രാത്രി ഇന്ത്യന്‍ സമൂഹത്തെയും കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it