അസഹിഷ്ണുതയ്‌ക്കെതിരേ രാജ്യസഭയില്‍ പ്രമേയത്തിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ അസഹിഷ്ണുതയ്‌ക്കെതിരേ രാജ്യസഭയില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപിയും സിപിഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി നല്‍കിയ നോട്ടീസിന് അനുമതി. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹാമിദ് അന്‍സാരിയാണ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരേ ചട്ടം 169 പ്രകാരം പ്രമേയം പാസാക്കണമെന്നാണ് യെച്ചൂരിയുടെ ആവശ്യം.
പ്രതിപക്ഷത്തിനു പ്രാമുഖ്യമുള്ള രാജ്യസഭയില്‍ യെച്ചൂരിയുടെ പ്രമേയം പാസായാല്‍ അതു സര്‍ക്കാരിനു വലിയ തിരിച്ചടിയാകും. പ്രമേയം വോട്ടിനിട്ടു പാസാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത മൂലം അക്രമവും വര്‍ഗീയ ധ്രുവീകരണവും ഉണ്ടാവുന്നുവെന്നാണ് രാജ്യസഭാ സെക്രട്ടറി ജനറലിനു നല്‍കിയ നോട്ടീസില്‍ പറയുന്നത്. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം, എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയുടെ വധം തുടങ്ങിയ വിഷയങ്ങളും ശീതകാല സമ്മേളനത്തില്‍ സിപിഎം പാര്‍ലമെന്റില്‍ ഉന്നയിക്കും.
ഇതുവരെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുന്നതിനു പുറമേ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നടത്തിയ മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന ഉറപ്പും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുമെന്നാണ് സൂചന. കോണ്‍ഗ്രസ്സിനു പുറമേ ജെഡിയു, ആര്‍ജെഡി, എന്‍സിപി, ഇടതു പാര്‍ട്ടികള്‍ എന്നിവയും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരുമിച്ചുനില്‍ക്കും.
സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ നോട്ടീസ് ചര്‍ച്ചയ്ക്ക് എടുക്കണമെന്ന ആവശ്യം ഉയര്‍ത്തും. ആദ്യ രണ്ടു ദിവസങ്ങളിലെ പ്രത്യേക സമ്മേളനത്തില്‍ തന്നെ അസഹിഷ്ണുത സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്തിന്റെ തീരുമാനം. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന അവസരത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച അനിവാര്യമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ചര്‍ച്ച ആവശ്യപ്പെട്ടു പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ കേന്ദ്രമന്ത്രിമാരായ സാധ്വി നിരഞ്ജന്‍ ജ്യോതി, ഗിരിരാജ് സിങ്, മഹേഷ് ശര്‍മ, സഞ്ജീവ് ബല്യാന്‍ തുടങ്ങിയവര്‍ക്കെതിരേ ഗൗരവമുള്ള നടപടി എടുക്കണമെന്നാണ് ജെഡിയു എംപി കെ സി ത്യാഗി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it