അസഹിഷ്ണുതയ്‌ക്കെതിരേ ആമിര്‍ ഖാനും

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ അസഹിഷ്ണുതയ്‌ക്കെതിരേ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. തിങ്കളാഴ്ച വൈകീട്ട് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത ഒരു മാധ്യമ അവാര്‍ഡ് ദാന ചടങ്ങിലാണ് ഖാന്‍ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ചത്. രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവങ്ങളില്‍ തന്റെ ഭാര്യക്ക് ഭയമുണ്ടായെന്നും വിദേശത്ത് എവിടെയെങ്കിലും പോയി താമസിച്ചാലോ എന്ന് ഭാര്യ കിരണ്‍ തന്നോട് ചോദിക്കുകയുണ്ടായെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
ഞങ്ങള്‍ ഇതുവരെ ഇന്ത്യയില്‍ തന്നെയാണ് ജീവിച്ചത്. പക്ഷെ ഇതാദ്യമായി കിരണ്‍ എന്നോട് പറഞ്ഞു. നമുക്ക് ഇന്ത്യയില്‍ നിന്ന് മാറിത്താമസിച്ചാലോ എന്ന്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ദുരന്തപൂര്‍ണമായ, വലിയ പ്രസ്താവനയായിരുന്നു. അവള്‍ക്ക് മകന്റെ കാര്യത്തില്‍ ഭയമുണ്ട്. നമ്മുടെ ചുറ്റുപാട് എങ്ങനെയായിത്തീരുമെന്നതിനെ കുറിച്ച് ആശങ്കയുണ്ട്. ഓരോ ദിവസവും പത്രങ്ങള്‍ തുറന്നു നോക്കാന്‍ അവള്‍ക്ക് ഭയമാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്ത് ഒരു തരം ആശങ്ക വളര്‍ന്നു വരുന്നുണ്ടെന്നാണെന്നും ആമിര്‍ പറഞ്ഞു.
അസഹിഷ്ണുതയ്‌ക്കെതിരേ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കി പ്രതിഷേധിച്ച എഴുത്തുകാരെയും അദ്ദേഹം പിന്തുണച്ചു. അക്രമത്തിന്റെ മാര്‍ഗം പിന്തുടരാതിരിക്കുന്നിടത്തോളം കാലം ഏതൊരു വ്യക്തിക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന ഏത് രീതിയിലും പ്രതിഷേധിക്കാം. സര്‍ഗാത്മകതയുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം അവാര്‍ഡ് തിരിച്ചു കൊടുക്കുക എന്നത് ഒരു പ്രതിഷേധ രീതിയാണ്.
പല പ്രശ്‌നങ്ങളിലും ബിജെപി പ്രതിസ്ഥാനത്ത് നില്‍ക്കുന്നതായി കാണുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ വരുമ്പോള്‍ അവര്‍ 1984ല്‍ എന്ത് സംഭവിച്ചു എന്ന് ചോദിക്കുന്നു. പക്ഷെ ഇപ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതിന് അത് ന്യായീകരണമല്ല. 1984ല്‍ സംഭവിച്ച സിഖ് വംശഹത്യ ദുരന്തവും ഭീതിദവുമാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതവുമായി ബന്ധമില്ല. ഒരു മുസ്‌ലിം ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അയാള്‍ ഇസ്‌ലാം മതം പിന്തുടരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. സമാനമായി, ഒരു ഹിന്ദു അക്രമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അയാള്‍ ഹിന്ദുയിസവും പിന്തുടരുന്നില്ല. നിരപരാധികളെ കൊല്ലാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല.
അതേസമയം, ആമിര്‍ ഖാനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള എഴുത്തുകാരും കലാകാരന്‍മാരും അഭിനേതാക്കളും അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സഹമന്ത്രി റാവു ഇന്ദര്‍ജിത് സിങ് പ്രതികരിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ആമിര്‍ ഖാനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും അദ്ദേഹത്തിന്റെ ചിത്രത്തില്‍ കറുത്ത ചായം തേക്കുകയും ചെയ്തു. ഹിന്ദു സേന പ്രവര്‍ത്തകര്‍ ആമിറിന്റെ വസതിക്കു സമീപത്ത് പ്രകടനം നടത്തി.
അതിനിടെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആമിര്‍ ഖാന് പിന്തുണ അറിയിച്ചു. സര്‍ക്കാരിനെയും മോദിയെയും വിമര്‍ശിക്കുന്ന എല്ലാവരെയും രാജ്യസ്‌നേഹമില്ലാത്തവരായും ദേശവിരുദ്ധരായും ചിത്രീകരിക്കുന്നു. ഇതിന് പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ അവരിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് വേണ്ടതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it