Editorial

അസഹിഷ്ണുതയെക്കുറിച്ച് മൂന്ന് റിപോര്‍ട്ടുകള്‍

അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ കീഴില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചു പഠിക്കുന്ന കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ വന്‍ വര്‍ധന ഉണ്ടെന്നു വ്യക്തമാക്കുന്നു. മത സഹിഷ്ണുതയുടെ കാര്യത്തില്‍ അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നരേന്ദ്രമോദി അധികാരമേറിയ ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രസംഗങ്ങളും പ്രവൃത്തികളും പലമടങ്ങു വര്‍ധിച്ചു. സംഘപരിവാരം ദരിദ്രരായ മുസ്‌ലിംകളെയും ക്രൈസ്തവരെയും പ്രലോഭനത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ ഹിന്ദുക്കളാക്കി മാറ്റുന്നു. നിര്‍ബന്ധ മതപരിവര്‍ത്തനം വിലക്കുന്ന നിയമങ്ങളുള്ള സംസ്ഥാനങ്ങള്‍ ഹിന്ദുമതത്തില്‍നിന്നുള്ള പരിവര്‍ത്തനം തടയുന്നതിനു പോലിസിനെ ഉപയോഗിക്കുകയും മറ്റു മതങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് പൗരാവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുകയും ചെയ്യുന്നു.
കമ്മീഷന്‍ അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ വരാന്‍ ഗവണ്‍മെന്റ് വിസ നിഷേധിച്ച കാര്യം റിപോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. മതവൈരം ശക്തിപ്പെടുത്തി മാത്രം തിരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന ഹീനമായ സൂത്രവാക്യത്തില്‍ വിശ്വസിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷാ, വായതുറന്നാല്‍ മലിനമായ വാക്കുകള്‍ മാത്രം പുറത്തേക്കുവിടുന്ന യോഗി ആദിത്യനാഥ്, സാക്ഷിമഹാരാജ് തുടങ്ങിയവരെ റിപോര്‍ട്ട് പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുന്നു. കാലിക്കച്ചവടക്കാരെ ഓടിച്ചിട്ടു പിടിച്ച് മരക്കൊമ്പില്‍ തൂക്കിക്കൊല്ലുക, ക്രിസ്ത്യാനിയെയോ മുസ്‌ലിമിനെയോ വിവാഹം കഴിക്കുന്നവരെ തീയിട്ടുകൊല്ലുക തുടങ്ങിയ അക്രമങ്ങള്‍ വ്യാപകമാണ്. ദുഷ്പ്രചാരണത്തിനും പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കുമെതിരേ പോലിസിനെ സമീപിക്കാന്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുകയാണ്.
ഫെബ്രുവരിയില്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തിറക്കിയ വാര്‍ഷിക റിപോര്‍ട്ടിലും ന്യൂനപക്ഷങ്ങളെയും പൗരസമൂഹ സംഘടനകളെയും ഭരണകൂടം പീഡിപ്പിക്കുന്നതിനെയും വിമര്‍ശിച്ചിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളെ തടയാനെന്ന പേരിലുണ്ടാക്കിയ നിയമങ്ങള്‍ പ്രകാരം 3000ലധികം പേരെ ജയിലിലിട്ട കാര്യം ആംനസ്റ്റി പ്രത്യേകം രേഖപ്പെടുത്തുന്നു. മാര്‍ച്ചിലാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കീഴില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ചു പഠിക്കുന്ന പ്രത്യേക പ്രതിനിധി തയ്യാറാക്കിയ രേഖയില്‍ ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ചു സൂചിപ്പിക്കുന്നത്.
മൂന്നു റിപോര്‍ട്ടുകളെയും വിദേശകാര്യ വകുപ്പിന്റെ വക്താക്കള്‍ അപലപിച്ചിട്ടുണ്ട്. ഇന്ത്യ ബഹുസ്വര സമൂഹമാണെന്നും പൗരാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നുവെന്നും അവര്‍ പറയുന്നു. ബിജെപി അധികാരത്തില്‍ വന്നശേഷം അക്രമത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം ശക്തിപ്പെടുകയാണെന്നാണു മൂന്നു റിപോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ചീത്ത വാര്‍ത്തകള്‍ കൊണ്ടുവരുന്ന ദൂതന്മാരെ പിടിച്ചു കഴുവിലേറ്റിയതുകൊണ്ട് യാഥാര്‍ഥ്യങ്ങള്‍ മൂടിവയ്ക്കാനൊക്കില്ല. നിയമവാഴ്ച ഉറപ്പുവരുത്താനും അസഹിഷ്ണുതയ്ക്കും അക്രമത്തിനും അറുതിവരുത്താനുമാണു കേന്ദ്രഭരണകൂടം ശ്രമിക്കേണ്ടത്.
Next Story

RELATED STORIES

Share it