അസഹിഷ്ണുതയെക്കുറിച്ച് ചര്‍ച്ച; സഭയില്‍ ബഹളം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: അസഹിഷ്ണുത സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ ബഹളം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഹരിയാനയില്‍ നടന്ന ഒരു ആര്‍എസ്എസ് പരിപാടിയില്‍ നടത്തിയ പ്രസംഗത്തെ ചൊല്ലിയായിരുന്നു ബഹളം.
800 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഒരു ഹിന്ദുവിനെ ഭരണാധികാരിയായി ലഭിച്ചുവെന്ന് രാജ്‌നാഥ് സിങ് പ്രസംഗിച്ചതായി നവംബര്‍ 16ന് പുറത്തിങ്ങിയ ഔട്ട്‌ലുക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഉദ്ധരിച്ചാണ് സിപിഎം അംഗം മുഹമ്മദ് സലീം വിഷയം ഉന്നയിച്ചത്. എന്നാല്‍, രാജ്‌നാഥ് സിങ് ഇക്കാര്യം നിഷേധിച്ചു. അത്തരത്തില്‍ ഒരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മാഗസിന്‍ എടുത്ത് രാജ്‌നാഥ് പറഞ്ഞതായി വന്ന ഭാഗം മുഹമ്മദ് സലീം വായിച്ച് കേള്‍പ്പിച്ചു. അതേസമയം, ഇത് താന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലെന്നും ഇക്കാര്യം തെളിയിക്കാന്‍ സലീം തയ്യാറാവണമെന്നും രാജ്‌നാഥ് സിങ് ആവര്‍ത്തിച്ചു. മാഗസിനില്‍ വന്ന കാര്യങ്ങള്‍ രാജ്‌നാഥ് സിങ് നിഷേധിക്കുകയാണെങ്കില്‍ പ്രസിദ്ധീകരണാലയത്തിനെതിരേ നിയമ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സലീം ചോദിച്ചു.
ബഹളത്തെത്തുടര്‍ന്ന് സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചു. രണ്ടുമണിക്ക് സഭ വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നു. സലീം മാപ്പു പറയണമെന്നും പരാമര്‍ശം പിന്‍വലിക്കാതെ അസഹിഷ്ണുതയെ കുറിച്ചുള്ള ചര്‍ച്ചയുമായി സഹകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കി. എന്നാല്‍  പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ സലീം തയ്യാറായില്ല. മാഗസിനില്‍ വന്ന റിപ്പോര്‍ട്ടിന് ആധികാരികത ഇല്ലെന്ന് തെളിയിക്കാന്‍ ഇടതുപക്ഷ അംഗങ്ങള്‍ രാജ്‌നാഥ് സിങ്ങിനെ വെല്ലുവിളിച്ചു. സലീമിന്റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it