അസമില്‍ കണ്ണുനട്ട് ബിജെപി; അപശകുനമായി തൃണമൂല്‍ ബിജെപി

ന്യുഡല്‍ഹി: നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും അടുത്ത മാസം മുതല്‍ തുടങ്ങുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്രം ഭരിക്കുന്ന ബിജെപി ഒരുങ്ങുന്നത് കാര്യമായ പ്രതീക്ഷയില്ലാതെ. പശ്ചിമബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് അടുത്ത മാസം അഞ്ചുമുതല്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്. ഇതില്‍ പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രാദേശിക കക്ഷികളുടെ മല്‍പ്പിടുത്തമാണ്. കേരളത്തിലും അസമിലും കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച തേടുമ്പോള്‍ അസമില്‍ മാത്രമാണ് ബിജെപിക്ക് നേരിയ പ്രതീക്ഷ.
കേരളത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും കൈമെയ് മറന്ന് ഒന്നിച്ച് പോരാടുകയാണ് ബംഗാളില്‍. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിനും ബിജെപിക്കും തമിഴ്‌നാട്ടില്‍ സാന്നിധ്യം കുറവാണ്. അധികാരം നിലനിര്‍ത്താന്‍ ജയലളിതയുടെ അണ്ണാ ഡിഎംകെയും ഭരണം പിടിക്കാന്‍ കരുണാനിധിയുടെ ഡിഎംകെയും തമ്മിലാണ് അവിടെ കാര്യമായ മല്‍സരം. എന്നാല്‍ അണ്ണാ ഡിഎംകെയും ഡിഎംകെയും പുതുച്ചേരിയില്‍ ശക്തരല്ല. കോണ്‍ഗ്രസ് വിട്ട് എന്‍ രാമസ്വാമി രൂപീകരിച്ച എഐഎന്‍ആര്‍സിക്കാണ് ഈ കേന്ദ്രഭരണ പ്രദേശത്ത് ബലം.
നഷ്ടപ്പെടുന്ന പ്രതാപം തിരിച്ചുപിടിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂലിനെ താഴെയിറക്കുകയാണ് ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം ധാരണയുടെ ലക്ഷ്യം. ബിജെപി വോട്ടിങ് നില കൂട്ടാന്‍ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും തൃണമൂല്‍, സിപിഎം-കോണ്‍ഗ്രസ് വിഭാഗത്തെ മലര്‍ത്തിയടിക്കാന്‍ അവര്‍ക്കാവില്ല. കേരളത്തിലും സ്ഥിതി മറിച്ചല്ല. ദൈവത്തിന്റെ നാട്ടില്‍ താമര വിരിയിക്കുക എന്ന ചിരകാല മോഹം ഇത്തവണ പൂവണിയുമോ എന്ന് കണ്ടറിയണം.
അസമില്‍ മധ്യവര്‍ഗ ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. മുസ്‌ലിംകളെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് തദ്ദേശീയരുടെ വോട്ട് പെട്ടിയിലാക്കാന്‍ അവര്‍ നടത്തിയ വര്‍ഗീയ ശ്രമം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം കണ്ടിരുന്നു. സംസ്ഥാനത്തെ 14 ലോക്‌സഭാ സീറ്റുകളില്‍ ഏഴെണ്ണം അവര്‍ക്ക് നേടാനായി. 15 വര്‍ഷമായി തുടരുന്ന തരുണ്‍ ഗൊഗോയിയുടെ കോണ്‍ഗ്രസ് ഭരണകൂടത്തിന് സംഭവിച്ച ക്ഷീണം മുതലെടുക്കാന്‍ ബിജെപി അസം ഗണപരിഷത്തുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രധാന പ്രാദേശിക കക്ഷികളുമായി കോണ്‍ഗ്രസ്സിന് സഖ്യമുണ്ടാക്കാന്‍ സാധിക്കാത്തതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു.
അസം ഗണപരിഷത്തിന്റെ മുന്‍ നേതാവും ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ പടയൊരുക്കം. ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നതാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഈ വീഴ്ച അസമില്‍ ആവര്‍ത്തിക്കരുതെന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ സോനോവാളിനെ മുന്നില്‍ നിര്‍ത്തുന്നത്. എന്നാല്‍ അസം ഗണപരിഷത്തുമായുണ്ടാക്കിയ സഖ്യത്തില്‍ അസംതൃപ്തരായ ബിജെപി നേതാക്കള്‍ തൃണമൂല്‍ ബെജെപി എന്ന വിമത സംഘടനയുണ്ടാക്കിയത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. പലയിടത്തും ബിജെപി, തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. തങ്ങളെ അവഗണിച്ച് അസം ഗണപരിഷത്തിനെ കൂട്ടുപിടിച്ച ബിജെപിയെ പാഠംപഠിപ്പിക്കുമെന്നാണ് തൃണമൂല്‍ ബിജെപിയുടെ പ്രഖ്യാപനം.
അസം ഗണപരിഷത്തിലും ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടിലും വിമത സംഘങ്ങള്‍ ശക്തിപ്പെടുകയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു രണ്ട് പാര്‍ട്ടികളെ കൂടി ചേര്‍ത്ത് കോണ്‍ഗ്രസ് വിരുദ്ധ സഖ്യം വിശാലമാക്കുമെന്നാണ് ബിജെപിയുടെ ഒടുവിലെ പ്രഖ്യാപനം. അസമില്‍ സീറ്റ് വര്‍ധിപ്പിക്കാനായില്ലെങ്കില്‍ രാജ്യസഭയില്‍ സ്വാധീനം ശക്തമാക്കാനുള്ള ബിജെപിയുടെ നീക്കത്തിനും തിരിച്ചടിയാവും.
Next Story

RELATED STORIES

Share it