അസദ് സൈന്യവും ഹിസ്ബുല്ലയും പോരടിക്കുന്നു

ദമസ്‌കസ്: അഞ്ചു വര്‍ഷത്തോളം സഖ്യമായി പ്രവര്‍ത്തിച്ച ശേഷം സിറിയയിലെ അസദ് സൈന്യവും ലബനീസ് ഹിസ്ബുല്ലയും തമ്മില്‍ പോരടിക്കുന്നു. ഹലബിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഏതാനും ഗ്രാമങ്ങളിലാണ് സഖ്യകക്ഷികള്‍ തമ്മില്‍ പോരടിക്കുന്നത്.
സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതല്‍ വിമതര്‍ക്കെതിരേ സഖ്യത്തിലേര്‍പ്പെട്ട് പൊരുതിയ ഇരു വിഭാഗങ്ങളും തമ്മില്‍ പിരിയുന്നതിന്റെ ആദ്യ സൂചനകള്‍ ലഭിച്ചത് ഹലബില്‍ നിന്നാണ്. ഇരുവര്‍ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇതുവരെ രഹസ്യമായിരുന്നു. ഹലബില്‍ വിമതര്‍ക്കെതിരേയുള്ള പോരാട്ടത്തിനിടെ ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.
അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇരു വിഭാഗങ്ങളും പരസ്പരം പഴിചാരുകയാണ്. കഴിഞ്ഞയാഴ്ച ഹലബിലെ റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് സംഘര്‍ഷം പുറംലോകമറിയുന്നത്. പ്രഖ്യാപനം ഹിസ്ബുല്ല എതിര്‍ത്തപ്പോള്‍ അസദ് സൈന്യം അനുകൂലിച്ചു. ഇതിനു പിന്നാലെ ഹലബിലെ സുപ്രധാനമേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സൈന്യം നീക്കം തുടങ്ങിയത് ഹിസ്ബുല്ലയെ ചൊടിപ്പിച്ചു.
തങ്ങളുടെ നിരവധി പോരാളികളെ ത്യജിച്ച പ്രദേശമായതിനാല്‍ വിമതരെ തുരത്തി ഹലബ് തിരിച്ചുപിടിക്കണമെന്നായിരുന്നു ഹിസ്ബുല്ലയുടെ താല്‍പര്യം. ഹലബില്‍ സൈന്യം ഹിസ്ബുല്ലയ്ക്കു നേരെ മൂന്നു തവണ വ്യോമാക്രമണം നടത്തി. നിരവധി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടില്‍ പറയുന്നു.
ബിറെക്, നുബ്ബുല്‍-സെഹ്‌റ, ഹയ്യാന്‍ എന്നിവിടങ്ങളിലും സംഘര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഒമ്പത് സര്‍ക്കാര്‍ സൈനികരും മൂന്നു ഹിസ്ബുല്ല പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഇരു വിഭാഗങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇറാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.
Next Story

RELATED STORIES

Share it