അസം-ബംഗാള്‍ തിരഞ്ഞെടുപ്പ് ആദ്യഘട്ടം പൂര്‍ത്തിയായി

കൊല്‍ക്കത്ത/ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടന്ന പശ്ചിമബംഗാളിലും അസമിലും സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നിരവധി മേഖലകളില്‍ മാവോവാദികള്‍ക്കു സ്വാധീനമുള്ള പശ്ചിമബംഗാളില്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങളൊരുക്കിയാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇരുസംസ്ഥാനങ്ങളിലും ഒരിടത്തും അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സുഗമമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ദിബയേന്ദു സര്‍ക്കാര്‍ പറഞ്ഞു. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും ഉടനെ തന്നെ പരിഹരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി 18 സീറ്റുകളിലേക്കാണ് മല്‍സരം നടന്നത്. ഇതില്‍ 13 ഇടങ്ങളില്‍ നാലു മണിവരെയായിരുന്നു പോളിങ്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പോളിങ് നേരത്തെ അവസാനിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാക്കി അഞ്ചു മണ്ഡലങ്ങളില്‍ ആറു മണിവരെ പോളിങ് നീണ്ടു. കനത്ത മാവോവാദി ഭീഷണി നിലനില്‍ക്കുമ്പോഴും 70 ശതമാനത്തോളം വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിജയമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
126 മണ്ഡലങ്ങളുള്ള അസമില്‍ ആദ്യഘട്ടത്തില്‍ പോളിങ് നടന്ന 65 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് സുഗമമായിരുന്നു. 67 ശതമാനം വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയെന്നും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it