അസം, പശ്ചിമബംഗാള്‍  വോട്ടെടുപ്പ് ഇന്ന്: അസമില്‍ അവസാന ഘട്ടം  

ന്യൂഡല്‍ഹി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. അസമില്‍ ആകെയുള്ള 126 നിയമസഭാ സീറ്റുകളില്‍ 65 എണ്ണത്തില്‍ ഈ മാസം നാലിന് തിരഞ്ഞെടുപ്പു നടന്നിരുന്നു. ശേഷിക്കുന്ന 61 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പു നടക്കുക.
ആറു ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന ബംഗാളില്‍ തീവ്ര ഇടതുപക്ഷത്തിന്റെ സ്വാധീന പ്രദേശങ്ങളില്‍ നടക്കുന്ന ആദ്യഘട്ട വോട്ടിങിന്റെ രണ്ടാം പാദമാണ് ഇന്നു നടക്കുക. ആദ്യ പാദം ഈ മാസം നാലിനു നടന്നു. ബംഗാളില്‍ പശ്ചിമ മിഡ്‌നാപൂര്‍, ബങ്കുറ, ബുര്‍ദ്വാന്‍ എന്നീ ജില്ലകളിലെ 31 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തില്‍ പോവും.
അസമില്‍ 61 സീറ്റുകളിലായി 525 സ്ഥാനാര്‍ഥികള്ണ് ഇന്ന് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് വോട്ടിങ്ങിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്ക പോളിങ് ബൂത്തിലും കേന്ദ്ര സായുധ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മൂന്നു കേന്ദ്രങ്ങളില്‍ ഹെലികോപ്റ്ററുകള്‍ സന്നദ്ധമാണെന്നും അസമിന്റെ മുഴുവന്‍ അന്തര്‍ദേശീയ, അന്തര്‍ സംസ്ഥാന അതിര്‍ത്തികളും അടച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രിയും അസം ഗണപരിഷത് നേതാവുമായ പ്രഫുല്ല കുമാര്‍ മഹന്ത, കോണ്‍ഗ്രസ് മന്ത്രിമാരായ ഡോ. നസറുല്‍ ഇസ്‌ലാം, റാഖിബുല്‍ ഹുസയ്ന്‍, ബസന്ത ദാസ്, കോണ്‍ഗ്രസ് മുന്‍മന്ത്രിയും ബിജെപി നേതാവുമായ ഹേമന്ത് ബിശ്വ ശര്‍മ, ചന്ദ്രമോഹന്‍ പട്ടോവാരി തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടും. എഐയുഡിഎഫ് അധ്യക്ഷനും ധുബ്രി എംപിയുമായ ബദറുദ്ദീന്‍ അജ്മലും ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ പെടുന്നു. അസമില്‍ 1.4 കോടി വോട്ടര്‍മാരാണ് ഉള്ളത്.
Next Story

RELATED STORIES

Share it