അസം ഗവര്‍ണറെ നീക്കണമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്

ഗുവാഹത്തി: 'ഹിന്ദുക്കളുടേത് മാത്രമാണ് ഹിന്ദുസ്ഥാന്‍' എന്ന വിവാദ പ്രസ്താവന നടത്തിയ അസം ഗവര്‍ണര്‍ പത്മനാഭ ബാലകൃഷ്ണ ആചാര്യയെ നീക്കണമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ആവശ്യപ്പെട്ടു. ഭരണനേതൃത്വം വഹിക്കുന്ന ഗവര്‍ണര്‍ക്ക് പദവിയുടെ അന്തസ്സ് നിലനിര്‍ത്തുന്നതറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച പല ഗവര്‍ണറുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവരൊക്കെ ഗവര്‍ണര്‍ പദവിയോട് നീതിപുലര്‍ത്തി അന്തസ്സോടെയാണ് പെരുമാറിയത്. എന്നാല്‍, ഇതുപോലെ ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഒരു ആര്‍എസ്എസ് പ്രചാരകനെപ്പോലെയാണ് പെരുമാറുന്നതെന്നും ഗൊഗോയ് ആരോപിച്ചു.
അതിനിടെ, പി ബി ആചാര്യയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കണമെന്ന് ബിഎസ്പി പ്രസിഡന്റ് മായാവതി ലഖ്‌നോവില്‍ ആവശ്യപ്പെട്ടു. ആചാര്യയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു മാറ്റി പ്രധാനമന്ത്രി താന്‍ വിദേശത്ത് നടത്തുന്ന പ്രസ്താവന പ്രയോഗതലത്തില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പി ബി ആചാര്യ ഒരു മതത്തെയും അധിക്ഷേപിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടത്. അദ്ദേഹം എല്ലാ മതവിഭാഗങ്ങളെയും ഉദ്ദേശിച്ചാണ് പ്രസ്താവന നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it