അശ്വതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും



കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ ഖുമാര്‍ നഴ്‌സിങ് കോളജില്‍ എടപ്പാളിലെ ദലിത് വിദ്യാര്‍ഥിനി അശ്വതി(18) റാഗിങിനിരയായ സംഭവത്തില്‍ കര്‍ണാടക പൊലിസിന്റെ അന്വേഷണ സംഘം ഇന്നലെ കോഴിക്കോട്ടെത്തി.
രണ്ട് എസ്‌ഐമാര്‍, രണ്ട് എഎസ്‌ഐമാര്‍, ഒരു വനിതാ എഎസ്‌ഐ, രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവരെ കൂടാതെ വനിതാ ഡിവൈഎസ്പി ജന്‍വിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാര്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് വിമാനമാര്‍ഗം കേരളത്തില്‍ എത്തും. അതിന് ശേഷമേ അശ്വതിയുടെ മൊഴി രേഖപ്പെടുത്തുകയുളളൂ.
കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ വ്യാഴാഴ്ച കര്‍ണാടക പോലിസിന് കൈമാറിയിരുന്നു. അശ്വതിക്ക് ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കാനായി വ്യാഴാഴ്ച എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. ദ്രാവകം കൊണ്ട് പൊള്ളിയ ആന്തരികാവയവങ്ങളിലെ മുറിവുകള്‍ ഉണങ്ങിയാല്‍ മാത്രമേ ശസ്ത്രക്രിയ ഉണ്ടാവുകയുള്ളൂ.
അതേസമയം, മലയാളി ദലിത് വിദ്യാര്‍ഥിനി റാഗിങ്ങെന്നപേരില്‍ മാരകമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നേരിട്ടിടപെടണമെന്നും ശരിയായ നിയമനടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ച് കര്‍ണാടക വനിതാ കമ്മീഷന് കേരള വനിതാ കമ്മീഷന്‍ കത്തയച്ചു.
കര്‍ണാടക കമ്മീഷന്റെ അധ്യക്ഷ മഞ്ജുള മാനസയുമായി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി നേരത്തെ ഫോണില്‍ ബന്ധപ്പെട്ടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ജില്ലയുടെ ചുമതലയുള്ള കമ്മീഷനംഗം നൂര്‍ബിന റഷീദ് കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ ചെയര്‍പേഴ്‌സണ് നല്‍കിയ റിപോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണു കത്തയച്ചത്.
കോളജിന്റെയോ ഹോസ്റ്റലിന്റെയോ അധികൃതര്‍ക്കെതിരേ ഒരു നടപടിയും എടുക്കാന്‍ തയ്യാറാവാത്ത കര്‍ണാടക പോലിസിന്റെ ഭാഗത്ത് കാര്യമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടിയുടെ നില വളരെ ഗുരുതരമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ആറുമാസത്തെയെങ്കിലും ചികില്‍സയും അതേത്തുടര്‍ന്ന് പ്രത്യേക ശസ്ത്രക്രിയയും ആവശ്യമായ സ്ഥിതിയാണ്. അതുകൊണ്ട്, സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളണമെന്നും വ്യക്തിപരമായിത്തന്നെ പ്രശ്‌നത്തില്‍ ഇടപെടണമെന്നും കര്‍ണാടക കമ്മീഷന്റെ അധ്യക്ഷയോട് കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it