thiruvananthapuram local

അശ്വതിമാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

ആറ്റിങ്ങല്‍: മാമം പാലത്തില്‍നിന്നും സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹം പുകയിലതോപ്പ് ഇടയ്‌ക്കോട് പട്ടികജാതി ഗവണ്‍മെന്റ് ഐടിഐയില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം സംസ്‌കരിച്ചു. വട്ടപ്ലാമൂട് ഷീജാ ഭവനില്‍ എന്‍ അശ്വതിയുടെയും കടവിള അശ്വതി ഭവനില്‍ ടി അശ്വതിയുടെയും മൃതദേഹങ്ങള്‍ വിലാപയാത്രയോടെയാണ് ഐടിഐയില്‍ എത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, എംഎല്‍എ വി ശശി, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈലജാ ബീഗം, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി ജോയി, സ്മിത, മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍, ഡിസിസി ജില്ലാ ട്രഷറര്‍ എം എ ലത്തീഫ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷ്, ബ്ലോക്ക് മെംബര്‍ ഇളമ്പ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 1.30ന് മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. ഇവിടങ്ങിലും പൊതുദര്‍ശനത്തിനുവച്ചശേഷമാണ് സംസ്‌കരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
ഭൂരിഭാഗം പേരുടേയും തലയ്ക്കാണ് ക്ഷതം. അപകടത്തില്‍പ്പെട്ട ബസ് ഇന്നലെ പുലര്‍ച്ചെ ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. അപകടംനടന്ന സ്ഥലത്ത് ഇപ്പോഴും പോലിസ് കാവലുണ്ട്. സ്വകാര്യബസ്സുകളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ പോലിസ് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ ബി സത്യന്‍ ഗതാഗതമന്ത്രിക്കും ജില്ലാകലക്ടര്‍ക്കും നിവേദനം നല്‍കി.
Next Story

RELATED STORIES

Share it