അശ്രദ്ധ കൊണ്ടുണ്ടാവുന്ന വാഹനാപകടം: സമൂഹത്തോട് ചെയ്യുന്ന കുറ്റകൃത്യമെന്ന് ഹൈക്കോടതി

കൊച്ചി: അശ്രദ്ധ കൊണ്ടുണ്ടാവുന്ന വാഹനാപകടങ്ങള്‍ സമൂഹത്തോട് ചെയ്യുന്ന വലിയ കുറ്റക്യത്യമെന്ന് ഹൈക്കോടതി. ഇത്തരം കേസുകള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയാലും സമൂഹത്തോട് ചെയ്യുന്ന കുറ്റം അവസാനിക്കുന്നില്ലെന്നും കോടതി. അതിനാല്‍ അശ്രദ്ധമായോ മദ്യപിച്ചോ സാഹസികമായോ വാഹനമോടിച്ചുണ്ടാവുന്ന അപകട കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാലും കേസ് റദ്ദാക്കാനാവില്ലെന്ന് ജസ്റ്റിസ് രാജവിജയരാഘവന്‍ ഉത്തരവിട്ടു.
മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് അഷറഫ് നല്‍കിയ ഹരജി തള്ളിയാണ് കോടതി ഉത്തരവ്. 2011 ഡിസംബറില്‍ അശ്രദ്ധമായി ജീപ്പ് ഓടിച്ച ഹരജിക്കാരന്‍ എതിരെവന്ന ബൈക്കില്‍ ഇടിച്ചു. ബൈക്ക് യാത്രക്കാരായിരുന്ന യുവാവിന് പരിക്കേല്‍ക്കുകയും ഒപ്പം സഞ്ചരിച്ച പിതാവ് മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് മഞ്ചേരി പോലിസ് അപകടകരമായി വാഹനമോടിച്ച് മരണം സംഭവിച്ചതിന് ഐപിസി 304 എ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ പിന്നീട് കോടതിക്ക് പുറത്ത് കക്ഷികള്‍ തമ്മില്‍ കേസ് ഒത്തുതീര്‍പ്പാക്കി. കേസ് ഒത്തുതീര്‍പ്പാക്കിയതിനാല്‍ തനിക്കെതിരേ കീഴ്‌കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, അപകടകരമായി വാഹനം ഓടിക്കുന്നതിലൂടെ സമൂഹത്തോടാണ് തെറ്റ് ചെയ്യുന്നത്. ഇത്തരം തെറ്റുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയാലും ഇല്ലാതാവുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടാന്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഇടയാക്കും. മറ്റുള്ളവരെ പരിഗണിക്കാതെ സാഹസികമായും അപകടകരമായും വാഹനം ഓടിച്ച് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടയാവും. സമൂഹത്തോട് ചെയ്യുന്ന കുറ്റക്യത്യത്തെ പണം നല്‍കി തീര്‍ക്കാനാവുന്നതല്ല. ഐപിസി 304 എ അനുസരിച്ചെടുത്ത കേസുകള്‍ ഒത്തുതീര്‍പ്പിന്റെ പേരില്‍ റദ്ദാക്കിയാല്‍ അത് നിയമത്തോട് ചെയ്യുന്ന അനീതിയാവുമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it