അശോക് വാജ്‌പേയിയും പുരസ്‌കാരം തിരിച്ചുനല്‍കി

ന്യൂഡല്‍ഹി: ജീവിതത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അശോക് വാജ്‌പേയി സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കി. പ്രമുഖ എഴുത്തുകാരിയും ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ മരുമകളുമായ നായന്‍താര സെഹ്ഗാള്‍ സാഹിത്യ അക്കാദമി പുരസ്‌കാരം കഴിഞ്ഞദിവസം തിരിച്ചേല്‍പിച്ചിരുന്നു. ദാദ്രി സംഭവത്തിലും യുക്തിവാദികളുടെ കൊലപാതകത്തിലും അശോക്  വാജ്‌പേയി അതൃപ്തി പ്രകടിപ്പിച്ചു.

സെഹ്ഗാളിന്റെ നടപടി ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുവില കൊടുത്തും രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി എന്തുകൊണ്ട് പറയുന്നില്ല? സന്ദര്‍ഭത്തിനൊത്തുയരാന്‍ സാഹിത്യ അക്കാദമിക്ക് കഴിഞ്ഞില്ല. എഴുത്തുകാരുടെ സമൂഹം പ്രതിഷേധിക്കണമെന്നും വാജ്‌പേയി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയാണ് ഹിന്ദി കവിയും പ്രബന്ധകാരനുമായ വാജ്‌പേയി. അതിനിടെ, നയന്‍താര സെഹ്ഗാളിന് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചു .

ബഹുസ്വര ഇന്ത്യയ്ക്കു വേണ്ടി നിലകൊണ്ട സെഹ്ഗാളിന്റെ നടപടിയെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനുസിങ്്‌വി പ്രശംസിച്ചു. വിലകുറഞ്ഞ രാഷ്ട്രീയ നേതാക്കള്‍ ബഹുസ്വരതയെ നിഷേധിച്ച് ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.ഐ നേതാവ് രാജയും സെഗാളിനെ പ്രശംസിച്ചു. രാജ്യത്തിന്റെ രോഷമാണ് സെഗാളിന്റെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതെസമയം, സാഹിത്യ അക്കാദമിയെ രാഷ്ട്രീയ വല്‍കരിക്കരുതെന്ന് അക്കാദമി ചെയര്‍മാന്‍ വിശ്വനാഥ് പ്രസാദ് തിവാരി പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിക്കാന്‍ എഴുത്തുകാര്‍ മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it