Alappuzha local

അശാസ്ത്രീയ ട്രാഫിക് സിഗ്നല്‍ യാത്രക്കാരെ വലയ്ക്കുന്നു

കായംകുളം: അശാസ്ത്രീയ ട്രാഫിക് സിഗ്നല്‍ യാത്രക്കാരെ വലയ്ക്കുന്നു. ദേശീയപാതയില്‍ കോളജ് ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നലാണ് യാത്രക്കാരെ വലയ്ക്കുന്നത്. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഏറിയതും അപകടങ്ങള്‍ നിറഞ്ഞതുമായ പ്രദേശമാണ് കോളജ് ജങ്ഷന്‍.
കായംകുളം- കാര്‍ത്തികപ്പള്ളി റോഡും മാര്‍ക്കറ്റ് റോഡും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നിടത്ത് അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നു നാട്ടുകാരുടെ ആവശ്യ പ്രകാരമാണ് എംപി ഫണ്ടില്‍ നിന്ന് ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ അശാസ്ത്രീയമായി സ്ഥാപിച്ചത് ജനങ്ങളെ വലയ്ക്കുകയാണ്.
കായംകുളം- കാര്‍ത്തികപ്പള്ളി റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോവേണ്ടത്. എന്നാല്‍ ഇരു റോഡുകളിലും ചുവന്ന സിഗ്നലിന്റെ സമയ ദൈര്‍ഘ്യം കൂടുതലായതിനാല്‍ റോഡിന്റെ വശങ്ങളിലുള്‍പ്പെടെ വാഹനങ്ങള്‍ കൊണ്ടുനിറയുന്നു. മാത്രമല്ല മാര്‍ക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്ന റോഡ് ഇടുങ്ങിയതിനാല്‍ വാഹനങ്ങള്‍ കടന്നുപോവാന്‍ കഴിയാതെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.
ഇത്തരം സാഹചര്യങ്ങളില്‍ ട്രാഫിക് പോലിസ് സിഗ്നല്‍ നോക്കാതെ ഇരുവശങ്ങളില്‍ നിന്നും യാത്രക്കാരെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത് നിത്യസംഭവമാണ്. ട്രാഫിക് സിഗ്നല്‍ വരുന്നതിന് മുമ്പ് ഒരു ഹോംഗാര്‍ഡ് ഗതാഗതം നിയന്ത്രിച്ചിടത്ത് ഇപ്പോള്‍ രണ്ടു പേരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സിഗ്നലിലെ സമയക്രമം പുനപരിശോധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it