malappuram local

അവിണ്ടിത്തറ ഗ്രാമം ഉണര്‍ന്നത് ഞെട്ടലോടെ

പൊന്നാനി: അവിണ്ടിത്തറ ഗ്രാമം പുലര്‍ന്നത് ഞെട്ടിക്കുന്ന ആ വാര്‍ത്ത കേട്ടാണ്. യുവതിയും കുഞ്ഞും വീട്ടു വളപ്പിലെ കിണറ്റില്‍ മരിച്ചു കിടക്കുന്നു... ഭര്‍ത്താവ് ഫൈസല്‍ വെട്ടേറ്റ് മരിച്ചിരിക്കുന്നു. ആര്‍ക്കും ഒന്നും മനസ്സിലാകാതെ ഗ്രാമം തരിച്ചുപോയ നിമിഷം. പിന്നിട് ഒരു ഞെട്ടലോടെ ബന്ധുക്കളും നാട്ടുകാരും ആ സത്യം തിരിച്ചറിഞ്ഞു. സെലിന ഭര്‍ത്താവിനെ വെട്ടിക്കൊന്ന് എട്ട് മാസം പ്രായമായ കുഞ്ഞുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി എന്ന്. എന്തിനായിരുന്നു ഇങ്ങനെയൊരു കൊടുംപാതകം. ആര്‍ക്കും ഉത്തരമില്ല. അത്രയും സ്‌നേഹത്തോടെയാണ് ഫൈസലും സെലീനയും ജീവിച്ചിരുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. മാനസികാരോഗത്തിന് ചികില്‍സയിലായിരുന്നു സെലിന. പക്ഷേ, അതിങ്ങനെ തന്റെ കുടുംബത്തെ വേരോടെ പിഴുതുകൊണ്ടുപോവുമെന്ന് ഉമ്മ ഖദീജ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഇവരുടെ ഏക മകനാണ് ഫൈസല്‍.

കല്യാണം കഴിച്ച് വര്‍ഷങ്ങള്‍ നിരവധി ആയിട്ടും ഫൈസലിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. പ്രാര്‍ഥനയും ചികില്‍സയും ഏറെ നടത്തിയാണ് എട്ട് മാസം മുന്‍പ് ഒരാണ്‍കുട്ടി ജനിച്ചത്. വീടെന്ന ഇവരുടെ സ്വപ്‌നം പൂവണിയാന്‍ കുറച്ചു ദിവസങ്ങളെ വേണ്ടി വന്നിരുന്നുള്ളൂ. പുതിയ വീടിന്റെ തേപ്പ് ഏതാണ്ട് പൂര്‍ത്തിയായ നിലയിലാണ്. വീട് പണി നടക്കുന്നതിനാല്‍ ബന്ധുവീട്ടിലാണ് ഫൈസലും ഭാര്യയും കുഞ്ഞും താമസിച്ചിരുന്നത്. കൂടെ മാതാവും പിതാവും. ഇന്നലെ കൂടി പുതിയ വീടിന്റെ കാര്യങ്ങള്‍ പറഞ്ഞാണ് മകന്‍ ഉറങ്ങാന്‍ കിടന്നതെന്ന് ഉമ്മ ഖദീജ പറയുന്നു. സുബ്ഹിക്ക് മകന്റെ കരച്ചില്‍ കേട്ടാണ് ഉമ്മ ഖദീജ ഓടിയെത്തിയത്. അപ്പോഴെക്കും മരുമകള്‍ കുഞ്ഞിനെ എടുത്ത് പുറത്തേക്ക് ഓടി. രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെ കണ്ടതും ബഹളംവച്ച് ആളുകളെ വിളിച്ച് കൂട്ടി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇതിനിടയില്‍ സെലീനയും കുഞ്ഞുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. പിതാവ് തൊട്ടടുത്ത പള്ളിയിലേക്ക് നമസ്‌കരിക്കാര്‍ പോയ സമയത്താണ് ഇതെല്ലാം സംഭവിച്ചത്. നടന്നത് ഉള്‍ക്കൊള്ളാനാവാതെ മനസ് മരവിച്ചിരിക്കുകയാണ് പിതാവിന്.

കഴിഞ്ഞ പെരുന്നാളിന് നാട്ടിലെത്തിയ ഫൈസല്‍ ഈ മാസം 15ന് ഗള്‍ഫിലേക്ക് തിരിച്ചുപോവാനിരിക്കെയാണ് ദുരന്തമുണ്ടായത്. അയല്‍വാസിയുടെ ഉടമസ്ഥതയിലുള്ള, ദുബായിലെ കെ.എം. ട്രഡേഴ്‌സിലെ ജീവനക്കാരനായിരുന്നു ഫൈസല്‍. എല്ലാം നഷ്ടപ്പെട്ട് അനാഥമായി കിടക്കുന്ന പണിതീരാത്ത വീടിന്റെ മുന്നില്‍ കരയാന്‍ പോലും കഴിയാതെ തകര്‍ന്നുപോയ ഫൈസലിന്റെ പിതാവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. ത്യശൂരിലെ മെഡിക്കല്‍ കോളജില്‍വച്ചാണ് മൂന്ന് മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം നടത്തിയത്. മൂന്ന് പേരേയും ഒന്നിച്ച് ഖബറടക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.
Next Story

RELATED STORIES

Share it