അവാര്‍ഡ് പ്രതിഷേധിക്കാനുള്ള ആയുധമെന്ന് കെ ആര്‍ മീര

കോട്ടയം: അസഹിഷ്ണുതയുടെ കാലത്ത് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പുതിയ എഴുത്തുകാര്‍ക്ക് ഒരു ആയുധമാണെന്നതിനാലാണ് അവാര്‍ഡ് നിഷേധിക്കാതെ ഏറ്റുവാങ്ങാന്‍ തീരുമാനിച്ചതെന്ന് കെ ആര്‍ മീര. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അസഹിഷ്ണുതയുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ കെ എസ് ഭഗവാന്റെ നിര്‍ദേശപ്രകാരമാണ് താന്‍ അവാര്‍ഡ് നിഷേധിക്കാത്തതെന്നും മീര പറഞ്ഞു. രാജ്യത്തെ പ്രമുഖ എഴുത്തുകാരെല്ലാം അവാര്‍ഡ് നിരസിച്ചു പ്രതിഷേധിക്കുന്ന കാലത്ത് താനെങ്ങനെ അവാര്‍ഡ് വാങ്ങുമെന്ന വലിയ ആശങ്ക ഉണ്ടായി. ഈ സമയം ഫാഷിസത്തിന്റെ ഭീഷണി നേരിടുന്ന കെ എസ് ഭഗവാനെ വിളിച്ചു. നിങ്ങളെ പോലെയുള്ള പുതിയ എഴുത്തുകാര്‍ അവാര്‍ഡ് നിരസിക്കരുതെന്നാണ് അദ്ദേഹം ഉപദേശിച്ചത്. വരും കാലത്ത് കൂടുതല്‍ ശക്തമായി പ്രതികരിക്കാനുള്ള ആയുധമായി ഈ അവാര്‍ഡിനെ കാണണം. ഈ അംഗീകാരം നിങ്ങള്‍ക്ക് വലിയ ശബ്ദത്തോടെ പ്രതിഷേധിക്കാനുള്ള മുതല്‍ക്കൂട്ടായി മാറുമെന്നും കെ എസ് ഭഗവാന്‍ പറഞ്ഞതായി മീര കൂട്ടിച്ചേര്‍ത്തു. മതേതരത്വ മൂല്യങ്ങളുള്ള ജൂറി അംഗങ്ങളാണ് തനിക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഇതൊക്കെ കണക്കിലെടുത്ത് അവാര്‍ഡ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എഴുത്ത് തനിക്കൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം താനടക്കമുള്ള എഴുത്തുകാരും രാജ്യത്തിന്റെ അവസ്ഥയില്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ പുതിയ എഴുത്തുകാരുടെ ശബ്ദം കേള്‍ക്കാതെ പോവുന്നുണ്ട്. എഴുത്തിനെ അതിശക്തമായി തിരിച്ചു പിടിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. രാഷ്ട്രീയം, അത്മകഥാശം തുടങ്ങിയ വിവിധ പശ്ചാത്തലങ്ങളിലൂടെ ഒരോ എഴുത്തുകാരനും എഴുതിക്കൊണ്ടിരിക്കുകയാണെന്നും മീര പറഞ്ഞു.
Next Story

RELATED STORIES

Share it