Sports

അവസാന എട്ടിലെത്താന്‍ ജര്‍മനിയും ഫ്രാന്‍സും

പാരിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ മോഹിച്ച് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയും ആതിഥേയരായ ഫ്രാന്‍സും ഇന്ന് കളത്തിലിറങ്ങും. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് അയര്‍ലന്‍ഡിനെയും ജര്‍മനി സ്ലൊവാക്യയെയുമാണ് എതിരിടുക.
മറ്റൊരു പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഫിഫ ലോക റാങ്കിങില്‍ രണ്ടാംസ്ഥാനക്കാരായ ബെല്‍ജിയം ഹംഗറിയെ നേരിടും.
ഗ്രൂപ്പ് സിയില്‍ ഒന്നാംസ്ഥാനക്കാരായാണ് കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ള ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. എന്നാല്‍ ഗ്രൂപ്പ് ബിയില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത സ്ലൊവാക്യ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു കൂടുകയായിരുന്നു. എങ്കിലും സ്ലൊവാക്യയെ നിസ്സാരരായി കാണാന്‍ ജര്‍മന്‍ പട തയ്യാറല്ല. കാരണം, ഇതിനുമുമ്പ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള ഫലം പരിശോധിച്ചാല്‍ മനസ്സിലാവും. ഇരു ടീമും അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജര്‍മനി മൂന്നെണ്ണത്തില്‍ വെന്നിക്കൊടി നാട്ടി. രണ്ടെണ്ണത്തില്‍ സ്ലൊവാക്യ ജയിച്ചുകയറിയിരുന്നു.
ഈ വര്‍ഷം ഇരു ടീമും അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ മുഖാമുഖം വന്നപ്പോള്‍ സ്ലൊവാക്യ 3-1നു ജര്‍മനിയെ നിഷ്പ്രഭമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് മികച്ച ഇലവനെ കളത്തിലിറക്കി വിജയം കൊയ്യാനുള്ള പടപ്പുറപ്പാടിലാണ് ജോക്വിം ലോ പരിശീലിപ്പിക്കുന്ന ജര്‍മനി.
അതേസമയം, സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കത്തിലാണ് ഫ്രഞ്ച് പട അയര്‍ലന്‍ഡിനെ നേരിടുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിന് കച്ചകെട്ടുന്നതെങ്കില്‍ മൂന്നാംസ്ഥാനക്കാരായാണ് അയര്‍ലന്‍ഡിന്റെ വരവ്.
ഇരു ടീമും തമ്മില്‍ അവസാനമായി അഞ്ചുതവണ ഏറ്റുമുട്ടിയപ്പോള്‍ ഫ്രാന്‍സ് രണ്ടെണ്ണത്തിലും അയര്‍ലന്‍ഡ് ഒരു കളിയിലും ജയിച്ചു.
രണ്ടു മല്‍സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it