അവയവദാനത്തിലൂടെ മാതൃകയായ ലേഖ എം നമ്പൂതിരി ദുരിതത്തില്‍

അവയവദാനത്തിലൂടെ മാതൃകയായ  ലേഖ എം നമ്പൂതിരി ദുരിതത്തില്‍
X
LEKHAആലപ്പുഴ: അവയവദാനത്തിലൂടെ മാതൃകയായ ലേഖ എം നമ്പൂതിരി ജീവിതദുരിതത്തില്‍. പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാതെ വലയുകയാണിവര്‍. നട്ടെല്ലു സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചെട്ടികുളങ്ങര കണ്ണമംഗലം അശ്വതിയില്‍ ലേഖ എം നമ്പൂതിരി(34) തളര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്നത്.

കായംകുളത്തു വച്ച് സംഭവിച്ച അപകടത്തില്‍ നട്ടെല്ലിന്റെ കശേരു പുറത്തേക്കു തള്ളി, തലച്ചോറില്‍നിന്നു കാലിലേക്കു വരുന്ന രക്തക്കുഴലുകള്‍ക്ക് അടവു സംഭവിച്ച നിലയിലാണ്.

നട്ടെല്ലിനുണ്ടായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 15 ദിവസമായി കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇവര്‍. എന്നാല്‍, പണമില്ലാത്തതിനെ തുടര്‍ന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്കു മടങ്ങി. ചെലവേറിയ ശസ്ത്രക്രിയ നടത്തിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, ഇതിനു വേണ്ടിവരുന്ന സാമ്പത്തികച്ചെലവ് താങ്ങാന്‍ കഴിയാതെ കുഴങ്ങുകയാണ് ലേഖ.

2012 നവംബറിലാണ് ലേഖ പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷാഫിയെന്ന യുവാവിന് സൗജന്യമായി തന്റെ വൃക്ക സമ്മാനിച്ചത്. സഹായങ്ങള്‍ വാഗ്ദാനം ചെയ്ത രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും അതു നല്‍കിയില്ല. മാവേലിക്കരയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ലേഖയ്ക്ക് അതാണ് പ്രധാന വരുമാനമാര്‍ഗം. പ്ലസ്ടുവിന് പഠിക്കുന്ന മിധുല്‍(16), 10ാം ക്ലാസ് വിദ്യാര്‍ഥിയായ മധു(15) എന്നിവരാണു മക്കള്‍. മൂന്നു സെന്റിലുള്ള കിടപ്പാടമല്ലാതെ മറ്റൊന്നും ഇവര്‍ക്കു സ്വന്തമായില്ല. പെട്ടെന്നു ചികില്‍സിച്ചില്ലെങ്കില്‍ ശരീരം തളര്‍ന്നുപോവാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it