Kerala

അവയവദാനം: പങ്കാളിയുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: അവയവദാനത്തിന് ജീവിതപങ്കാളിയുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. അവയവദാന നിയമമനുസരിച്ച് അവയവം ദാനം ചെയ്യുന്ന വ്യക്തിയുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ തൊഴിലും വരുമാനവും രേഖപ്പെടുത്തുന്ന സാക്ഷ്യപത്രം ഹാജരാക്കുകയും ദാതാവിന്റെ സമ്മതപത്രം സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുകയും വേണം. അതിനാല്‍ കരള്‍ ദാനം ചെയ്യുന്നതിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹിം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്താ ല്‍ ചികില്‍സ നിഷേധിച്ച ഒമ്പതു മാസം പ്രായമുള്ള അലിയ ഫാത്തിമയ്ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ കോടതി നിര്‍ദേശം നല്‍കി. അലിയ ഫാത്തിമയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഹൈക്കോടതി ഇടപെടലിലൂടെ ഒരുങ്ങവേയാണ് ദാതാവായി എത്തിയ സ്ത്രീയുടെ ഭര്‍ത്താവ് എതിരഭിപ്രായവുമായി രംഗത്തുവന്നത്. ഇതോടെ വീണ്ടും ശസ്ത്രക്രിയാ നടപടികള്‍ നീണ്ടു. എന്നാല്‍, കരള്‍ദാതാവും കുട്ടിയുടെ മാതാപിതാക്കളും സമ്മതം അറിയിച്ചതിനാലും കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതിനാലും ഓതറൈസേഷന്‍ കമ്മിറ്റി ചെയര്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉടന്‍ നടപടി സ്വീകരിക്കണമെന്നും അഞ്ചു ദിവസത്തിനുള്ളില്‍ അവയവ ദാനത്തിനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഹരജി വീണ്ടും അടുത്തമാസം നാലിനു പരിഗണിക്കും. വേര്‍പിരിഞ്ഞു ജീവിക്കുന്നതിനാല്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ഭാര്യയും ഭാര്യാ പിതാവും ചേര്‍ന്ന് ചികില്‍സ നിഷേധിക്കുന്നുവെന്നു കാട്ടി തിരുവനന്തപുരം ചൊവ്വര സ്വദേശിയായ ബഷീറാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്നോടുള്ള വഴക്കു കാരണം ഭാര്യയും ഭാര്യാപിതാവും കുഞ്ഞിനെ ശസ്ത്രക്രിയക്കു ഹാജരാക്കുന്നില്ലെന്നു കാട്ടിയാണ് ബഷീര്‍ ഹരജി നല്‍കിയത്. രോഗം മൂര്‍ച്ഛിച്ച് ജീവന്‍ അപകടത്തിലായ കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ വേര്‍പിരിഞ്ഞു ജീവിച്ച ദമ്പതികള്‍ ഒരുമിക്കുകയും   കുഞ്ഞിന്റെ മാതാവ് അവരുടെ പിതാവിന്റെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. തുടര്‍ന്ന് ആ വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോവാനും  കോടതി അനുമതി നല്‍കി. ചികില്‍സയ്ക്ക് വേണ്ടിവരുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. ഒരു ജീവകാരുണ്യ സംഘടനയില്‍ നിന്ന് രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ കാരുണ്യ പദ്ധതിയില്‍ നിന്ന് അഞ്ചു ലക്ഷവും ലഭിച്ചു. എത്രയും വേഗം കരള്‍ദാതാവിനെ കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി. ബന്ധുക്കളുടെ കരള്‍ യോജിക്കാത്തിനാല്‍ ഈ മാസം 17ന് ഹരജി പരിഗണിച്ചപ്പോള്‍ ബന്ധുക്കള്‍ അല്ലാത്ത ദാതാവിനെ കണ്ടെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് 38കാരിയായ തിരുമല സ്വദേശിനിയെ ദാതാവായി കണ്ടെത്തി. യുവതി കരള്‍ ദാനം ചെയ്യാന്‍ തയ്യാറായതായി സോണ്‍ ഓതറൈസേഷന്‍ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. സമയം ഒട്ടും വൈകാതെ ആശുപത്രി അധികൃതര്‍ മറ്റ് നടപടികളും സ്വീകരിച്ചു. എന്നാല്‍, യുവതിയുടെ ഭര്‍ത്താവ് കരള്‍ ദാനം ചെയ്യുന്നതിനോട് വിയോജിപ്പു പ്രകടിപ്പിച്ചു. തുടര്‍ന്നാണ്് കോടതിയുടെ പരിഗണനയില്‍ വീണ്ടും വിഷയമെത്തിയത്.
Next Story

RELATED STORIES

Share it