അവധിക്ക് വിട; കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്

കോട്ടയം: മാസത്തിലേറെ നീണ്ട അവധിക്കു ശേഷം പുത്തന്‍ പ്രതീക്ഷകളുമായി കുരുന്നുകള്‍ ഇന്നു വിദ്യാലയങ്ങളിലേക്ക്. ഒന്നാം ക്ലാസിലേക്ക് 10000ത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ജില്ലയില്‍ ആകെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് വിദ്യാലയമുറ്റത്തേക്ക് എത്തും. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസിലേക്ക് എത്തിയത് 12323 വിദ്യാര്‍ഥികളാണ് എത്തിയത്. മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ വര്‍ണാഭമായ പ്രവേശനോല്‍സവങ്ങളാണ് ഇക്കുറിയും ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങളിലെല്ലാം വലിയ ഒരുക്കങ്ങളാണ് നടന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളും മാനേജ്‌മെന്റ് സ്‌കൂളുകളുമെല്ലാം വാശിയോടെയാണ് പുത്തന്‍ കൂട്ടുകാര്‍ക്ക് വിരുന്നൊരുക്കിയിരിക്കുന്നത്.
രാഷ്ട്രീയ, സംസ്‌കാരിക, സംഘടനകളെല്ലാം വിദ്യാര്‍ഥികള്‍ക്ക് കാഴ്ചയൊരുക്കാനും പഠനോപകരണങ്ങള്‍ നല്‍കുന്നതിനും രംഗത്തുണ്ട്. ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പേരൂര്‍ ഗവ. ജെബി എല്‍പിഎസില്‍ ജില്ലാ തല പ്രവേശനോല്‍സവം നടക്കും. സ്‌കൂള്‍ അങ്കണത്തില്‍ രാവിലെ 10ന് ജോസ് കെ മാണി എംപി പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രവേശനോല്‍സവത്തിന്റെ ഭാഗമായി പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച പ്രവേശനോല്‍സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും വേദിയില്‍ നടക്കും.
പ്രവേശനോല്‍സവത്തിന്റെ ഭാഗമായി ഘോഷയാത്രയില്‍ ശിങ്കാരിമേളം, കലാരൂപങ്ങള്‍, തുടങ്ങിയവയും പുത്തന്‍ കൂട്ടുകാരായ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, പുസ്തകങ്ങള്‍, നോട്ടുബുക്കുകള്‍, പെന്‍സില്‍ തുടങ്ങിയവ അടങ്ങുന്ന പ്രവേശന കിറ്റ്, മധുരപലഹാരങ്ങള്‍, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ. എന്നിവയും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രവേശനോല്‍സവം ദിനമായ ഇന്ന് എരുമേലി പഞ്ചായത്ത് തല ഉദ്ഘാടനം തുമരംപാറ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ നടക്കും.
വൈക്കം ആശ്രമം സ്‌കൂളിലെ പ്രവേശനോല്‍സവം രാവിലെ 9.30ന് ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it