അവഗണിക്കപ്പെടുന്ന വനിതാ ലേഖികമാര്‍

അവഗണിക്കപ്പെടുന്ന വനിതാ ലേഖികമാര്‍
X


women journalistകേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഏക യൂനിയനായ കേരള പത്രപ്രവര്‍ത്തക യൂനിയന്റെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ആഗസ്ത് 18നു നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി  ജില്ലാ ഭാരവാഹികളെ വരെ കണ്ടെത്തിയത്  മുമ്പുണ്ടായിട്ടില്ലാത്തത്ര പൊരിഞ്ഞ വാശിയോടെയായിരുന്നു. മിക്കപ്പോഴും സമവായത്തില്‍ ഭാരവാഹികളെ നിശ്ചയിക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി ശക്തമായ പാനലുകളാണ് ഇത്തവണ മല്‍സരരംഗത്തുണ്ടായിരുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ ചില ജില്ലകളില്‍ ജില്ലാ നിര്‍വാഹകസമിതി അംഗങ്ങളെ സമവായത്തിലൂടെ തിരഞ്ഞെടുത്തെങ്കിലും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് പാനലുണ്ട്. പി.എ. അബ്ദുല്‍ ഗഫൂര്‍ പ്രസിഡന്റും മാതൃഭൂമി മാനേജ്‌മെന്റിന്റെ ഡിസ്മിസലിനു വിധേയനായ സി. നാരായണന്‍ ജനറല്‍ സെക്രട്ടറിയുമായ പാനലാണ് ഇനി മുതല്‍ കെ.യു.ഡബ്ല്യു.ജെയെ നയിക്കുക. സംസ്ഥാനസമിതിയിലേക്ക് 63 അംഗങ്ങളാണ് നോമിനേഷന്‍ നല്‍കിയത്. 30 അംഗ സമിതിയെ തിരഞ്ഞെടുക്കുന്നതിനായി  42 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. കാസര്‍കോഡ് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സപ്തംബര്‍ 17,18 തിയ്യതികളിലാണ് പുതിയ സമിതി അധികാരമേല്‍ക്കുന്നത്.  ഇതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. നീതിയുടെയും മനുഷ്യാവകാശത്തിന്റെയും പക്ഷം പിടിക്കുന്നവരെന്ന് അവകാശപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ സമിതിയില്‍ എന്തുകൊണ്ടൊരു വനിതാ സാരഥിയില്ലാതായി? കമ്പനീസ് ആക്ട് അനുസരിച്ച് സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ഒരു വനിതയെങ്കിലും വേണമെന്ന നിയമം നിലനില്‍ക്കെയാണ് ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ സ്വന്തം ലേഖികമാരെ കണ്ടില്ലെന്ന് നടിച്ചത്. നോമിനേഷന്‍ നല്‍കിയതില്‍ പോലും ഒരു വനിതാ അംഗമില്ലായിരുന്നുവെന്നതാണ് ഖേദകരം. വനിതാസംവരണം സര്‍വമേഖലയിലും നിലനില്‍ക്കെയാണ് ഇത്തരമൊരു വിവേചനം പത്രമേഖലയിലുണ്ടാകുന്നത്. വനിതകള്‍ മത്സരരംഗത്തേക്ക് എത്തുന്നില്ലെന്ന സ്ഥിരം വാദമാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍, അവരെ മത്സരരംഗത്ത് എത്തിക്കാന്‍ ആരും ശ്രമിക്കാറില്ലെന്നതാണ് മറ്റൊരു സത്യം. കെ.യു.ഡബ്ല്യു.ജെയില്‍ 2900 അംഗങ്ങളാണുള്ളത്. ഇതില്‍ 300 പേര്‍ വനിതകളാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും കൂടി പരിഗണിച്ചാല്‍ വനിതകളുടെ മാധ്യമരംഗത്തെ എണ്ണം ഇനിയും വര്‍ധിക്കും.തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ പ്രസ്‌ക്ലബ്ബുകള്‍ യൂനിയന്റേതാണ്. യൂനിയന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നാല്‍ പ്രസ്‌ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നാണ്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ യൂനിയനുമായി ബന്ധമില്ലാത്തവരും അംഗങ്ങളാണ്. കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റാണ് അവിടെ യൂനിയന്‍ ആസ്ഥാനം. ഇവിടെ നിലവിലെ കമ്മിറ്റിയില്‍ ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് ഒരംഗം മാത്രമാണ് വനിതയായി ഉള്ളത്.  കേരളത്തിലെ പതിനാല് ജില്ലകളില്‍ നാല് ജില്ലകളില്‍ മാത്രമാണ് വനിതാസാന്നിധ്യമുള്ളണ്. കൊല്ലത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും ധാരണ പ്രകാരം ഒരു വനിതാ അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് നിയമിക്കുമെന്നാണറിയുന്നത്. തൃശൂരിലും എറണാകുളത്തും വൈസ് ചെയര്‍മാന്‍ സ്ഥാനം വനിതാ അംഗങ്ങള്‍ക്കു നല്‍കി. എറണാകുളത്ത് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്ലാതെ ഒരു വനിതയെ നിയമിച്ചു. ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന ഈ ജില്ലയില്‍ നിലവിലെ കമ്മിറ്റി തന്നെ തുടരുമെന്ന് തുടക്കം മുതലേ കേട്ടിരുന്നു. എന്നാല്‍, നിലവിലെ കമ്മിറ്റിയുടെ ഒരു പാനലും എതിര്‍ പാനലുമായി ശക്തമായ മത്സരം നടക്കുകയും ചെയ്തു. എന്നാല്‍, നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന ഒരു വനിതാ അംഗത്തെ ഒഴിവാക്കിയായിരുന്നു ഇവരും മത്സരരംഗത്തെത്തിയത്. എതിര്‍ പാനലിലൂടെ എത്തിയവരാണ് ഇപ്പോള്‍ വനിതാ ഭാരവാഹികളായി എറണാകുളം ക്ലബ്ബിനുള്ളത്്. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ ഈ വര്‍ഷം രണ്ടു വനിതാപ്രതിനിധികള്‍ ഉണ്ട്. സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കുമ്പോള്‍ എല്ലാവരെയും തൃപ്തിപ്പെടുത്തേണ്ടി വരും. പ്രത്യേകിച്ച് വോട്ട് ബലത്തിന്റെ അടിസ്ഥാനത്തില്‍. അപ്പോള്‍ അവിടെ വനിതാപ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ആരും ശ്രമിക്കാറില്ല. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലടക്കം 50 ശതമാനം സ്ത്രീസംവരണമാണ്. കേരളമാകട്ടെ സ്ത്രീശാക്തീകരണ ചര്‍ച്ചകളിലും മുന്നേറ്റങ്ങളിലും ബഹുദൂരം കുതിക്കുകയും ചെയ്യുന്നു. ഈ സ്ത്രീ മുന്നേറ്റങ്ങളെ സമൂഹത്തിന് മുന്നിലെത്തിക്കുന്നതാകട്ടെ മാധ്യമങ്ങളും. എന്നാല്‍, ഈ മാധ്യമപ്രവര്‍ത്തകരുടെ ഏക സംഘടനയില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല?ഓരോ മാധ്യമസ്ഥാപനങ്ങളിലെയും സെല്ലുകളാണ് കെ.യു.ഡബ്ല്യു.ജെ. തിരഞ്ഞെടുപ്പുകളിലേക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യം ഓരോ സെല്ലുകളുടെയും കണ്‍വീനര്‍മാരായി വനിതകള്‍ രംഗത്തെത്തണം. അത്തരത്തിലൊരു മാറ്റം വന്നാല്‍ ഒരു പക്ഷേ, വനിതാഅംഗങ്ങളെ മത്സരരംഗത്തും കാണാനായേക്കും.
Next Story

RELATED STORIES

Share it