kannur local

അവഗണനയില്‍ വീര്‍പ്പുമുട്ടി കുടുംബക്ഷേമ ഉപകേന്ദ്രം

പഴയങ്ങാടി: ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം മൂന്നു കഴിഞ്ഞിട്ടും അറത്തില്‍ കുടുംബക്ഷേമ ഉപകേന്ദ്രം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്നു. വൈദ്യുതിയും വെള്ളവുമില്ലാത്ത കെട്ടിടത്തിന് ചുറ്റുമതിലും ഇല്ല.
ഇതോടെ ഇവിടെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. ഒന്നര പതിറ്റാണ്ടുമുമ്പ് അറത്തില്‍ ഗ്രാമീണവായനശാല സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ മുറവിളിക്ക് പരിഹാരമായി ലക്ഷങ്ങള്‍ മുടക്കിനിര്‍മിച്ച കേന്ദ്രം 2012 ഡിസംബറില്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും അത്യാവശ്യ സൗകര്യം പോലും ഒരുക്കിയിട്ടില്ല.— വൈദ്യുതി ലഭിക്കാന്‍ നടപടിയാകാത്തതിനാല്‍ വേനല്‍ ചൂടില്‍ ജീവനക്കാര്‍ക്കും രോഗികളായി എത്തുന്നവര്‍ക്കും ഒരു ഫാന്‍ പോലുമില്ലാത്ത സ്ഥിതിയാണ്. കിണറും കറന്റും ഇല്ലാത്തതിനാല്‍ ജലവിതരണമില്ല.
ശൗച്യാലയം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്കും ഇവിടെ സൗകര്യമില്ല.— നഴ്‌സിന് താമസിക്കാനുള്ള സൗകര്യത്തോടെ മുഴുവന്‍ സമയ ആരോഗ്യസേവനം ലഭ്യമാക്കാനുള്ള കെട്ടിടമാണെങ്കിലും പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വലയ്ക്കുന്നത്. ചുറ്റുമതിലില്ലാത്ത തുറസ്സായ കേന്ദ്രത്തില്‍ ചുറ്റും കാട് കയറിയ നിലയിലാണ്.
Next Story

RELATED STORIES

Share it