ernakulam local

അവകാശവാദവുമായി മുന്നണികള്‍

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് ഇരുമുന്നണികളും. എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും 20,000 വോട്ടുകള്‍ക്ക് തങ്ങള്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍, 2000 ത്തിലേറെ വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ ഇത്തവണ ചെങ്കൊടി പാറുമെന്നാണ് എല്‍ഡിഎഫ് വാദം.
എടത്തല, ശ്രീമൂലനഗരം, ആലുവ ടൗണ്‍, ചൂര്‍ണിക്കര, കീഴ്മാട് പഞ്ചായത്തുകളില്‍ യുഡിഎഫിന് വന്‍തോതില്‍ വോട്ട് ചോര്‍ന്നതായിട്ടാണ് കണക്കുകൂട്ടല്‍. ഈ പഞ്ചായത്തുകളിലടക്കം എ ഗ്രൂപ്പ് കാലുവാരിയെന്നാണ് എതിര്‍ചേരിയുടെ ആരോപണം. ഇതുമൂലം ഈ പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിന്നിലാവുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ മണ്ഡലത്തിലാകമാനം ബിജെപി, ബിഡിജെഎസ് കക്ഷികളുമായി യുഡിഎഫിന് രഹസ്യബന്ധമുണ്ടായിരുന്നതായും ഇവര്‍ വന്‍തോതില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുമറിച്ചതായും ആക്ഷേപമുണ്ട്. ഇന്നലെ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലും 20,000 ത്തിലേറെ വോട്ടുകള്‍ക്ക് തങ്ങള്‍ വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എല്‍ഡിഎഫ് അവലോകനയോഗത്തിലും 2500 വോട്ടുകള്‍ക്ക് തങ്ങള്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വര്‍ഷങ്ങളായി തിരഞ്ഞെടുപ്പില്‍ സജീവമല്ലാതിരുന്നവരെപ്പോലും രംഗത്തിറക്കി 30 വര്‍ഷത്തിന് ശേഷം ആദ്യമായി പാര്‍ട്ടി മെഷിനറി സജീവമായിരുന്നു എല്‍ഡിഎഫ് ക്യാംപില്‍ ഇത്തവണ. ഈ തിരഞ്ഞെടുപ്പില്‍ ജയിക്കാത്തപക്ഷം ഇനിയൊരിക്കലും തങ്ങള്‍ക്ക് ജയിച്ചു കയറാനാവില്ലെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.
എന്നാല്‍ എല്‍ഡിഎഫില്‍ ഘടകകക്ഷികളെല്ലാം സജീവമായപ്പോള്‍ യുഡിഎഫില്‍ ഘടകകക്ഷിയായ ലീഗ് അടക്കം പാലം വലിച്ചതായും ആക്ഷേപമുണ്ട്. 30,000 വോട്ടുകള്‍ നേടി നില ഭദ്രമാക്കുമെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും പകുതി വോട്ട് മാത്രമേ പ്രതീക്ഷക്കേണ്ടതുള്ളുവെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
തങ്ങള്‍ പ്രതീക്ഷിച്ച വോട്ടുകള്‍ നേടാന്‍ കഴിയുമെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വാദം. ഫാഷിസത്തെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, പാര്‍ട്ടികളും നില മെച്ചപ്പെടുത്തുമെന്നാണ് പറയുന്നത്. എന്നാല്‍ മണ്ഡലത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ചില കേന്ദ്രങ്ങളില്‍ ഏകീകരിച്ചതായും ഈ വോട്ടുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് മാവേലിക്ക് ലഭിച്ചതായും സൂചനകളുണ്ട്. അതിനാല്‍ ജോസ് മാവേലി 5000-ത്തിലേറെ വോട്ടുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.
ആലുവായിലെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ ഈറ്റില്ലമായ എടത്തലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസുകാരുടെ തന്നെ അഭിപ്രായം. പലയിടത്തും, ജാതി വോട്ടുകള്‍ ഏകീകരിച്ചത് ബിജെപിക്ക് തുണയായപ്പോള്‍ ഇത് യുഡിഎഫിന് കനത്ത തിരിച്ചടിയാവുമെന്നാണ് സൂചന.
പെരുമ്പാവൂര്‍: മൂന്ന് മുന്നണികളും തങ്ങള്‍ക്ക് വിജയമെന്ന് അവകാശവാദവുമായി പെരുമ്പാവൂരില്‍ രംഗത്ത്. മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് നിലവിലെ എംഎല്‍എക്കും മണ്ഡലത്തിലെ വികസന മുരടിപ്പിനും എതിരേയുള്ള വികാരത്തിന്റെ ഫലമാണെന്ന് യുഡിഎഫും അതല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരമാണ് കണ്ടതെന്ന് എല്‍ഡിഎഫും പറയുന്നു.
യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊണ്ട് കഴിഞ്ഞ 15 വര്‍ഷമായി നഷ്ടപ്പെട്ട പെരുമ്പാവൂര്‍ മണ്ഡലം വ്യക്തമായ ലീഡോടുകൂടി തിരിച്ച് പിടിക്കുമെന്ന് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. യുഡിഎഫിന്റെ ലീഡ് ഏഴായിരത്തിന് മുകളില്‍ പോവുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം മണ്ഡലം നിലനിര്‍ത്തി അടുത്ത സര്‍ക്കാരില്‍ പെരുമ്പാവൂരിന് പ്രാതിനിധ്യം ഉണ്ടാവുമെന്ന് എല്‍ഡിഎഫ് പറയുന്നത്. മണ്ഡലത്തില്‍ ശക്തമായ മല്‍സരമാണ് നടന്നതെന്നും അതുകൊണ്ട് തന്നെ രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലുള്ള വോട്ടുകള്‍ക്ക് സാജുപോള്‍ തിരഞ്ഞെടുക്കപ്പെടുമെന്നും എല്‍ഡിഎഫ് പറയുന്നു.
മണ്ഡലത്തില്‍ നടന്ന കുപ്രചരണങ്ങളെ വോട്ടര്‍മാര്‍ തള്ളികളഞ്ഞെന്ന് ഇതിലൂടെ മനസ്സിലാവുമെന്ന് സാജുപോള്‍ പറഞ്ഞു. തങ്ങള്‍ മല്‍സരിച്ചത് വിജയത്തിന് വേണ്ടിയാണെന്നും അവസാന നിമിഷങ്ങളില്‍ സംഭവിച്ച അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമായെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി ഇ എസ് ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it