thrissur local

അഴീക്കോട്-മുനമ്പം ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ അഴിമതി; അഞ്ചു പേര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ അഴിമതി നടന്നതായി ആരോപിച്ച് നല്‍കിയ ഹരജിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരടക്കം അഞ്ചു പേര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ വി ദാസന്‍, സി സി ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ് എസ് വാസന്‍ ഉത്തരവിട്ടത്.
2009 മുതല്‍ 2015 വരെയുള്ള കാലവയളവില്‍ ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കാണിച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം വിദ്യാസംഗീത് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ജങ്കാര്‍ അഴിമതിയില്‍ കോടതി ഉത്തരവനുസരിച്ച് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയ എറണാകുളം വിജിലന്‍സ് എസ്പിയുടെ റിപോര്‍ട്ട് തള്ളിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
പ്രതീക്ഷിക്കാത്ത ധനനഷ്ടമുണ്ടായിട്ടുണ്ടെങ്കിലും അത് അഴിമതിയെന്നു പറയാനാവില്ലെന്നും കൃത്യമായ പരിചരണമില്ലായ്മയും തെറ്റായി കൈകാര്യം ചെയ്തതിലുമാണ് നഷ്ടം സംഭവിച്ചതെന്നായിരുന്നു വിജിലന്‍സിന്റെ ക്വിക്ക് വേരിഫിക്കേഷന്‍ റിപോര്‍ട്ട്. ഒരു കോടി മുടക്കി വാങ്ങിയ ജങ്കാറിന് ആറു വര്‍ഷം കൊണ്ട് അറ്റകുറ്റപ്പണികളുടെ പേരില്‍ 1.18 കോടി ചെലവിട്ടതില്‍ കോടതി സംശയം പ്രകടിപ്പിച്ചു.
ജങ്കാറിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ റിപയറിങ് അറിയാവുന്ന തൊഴിലാളികളോ ജില്ലാ പഞ്ചായത്തിന് ഇല്ലെന്നു നഷ്ടമുണ്ടായതു സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് വിജിലന്‍സിന് വേണ്ടി ഹാജരായ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ഷൈലജന്‍ അറിയിച്ചു. എന്നാല്‍, പശുവിനെ വാങ്ങുമ്പോള്‍ തൊഴുത്തും അതിനെ കറക്കേണ്ടി വരുന്നതിന് കറവക്കാരനെയും കാണേണ്ടതുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മുന്‍ പ്രസിഡന്റുമാരെ കൂടാതെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായിരുന്ന ലീല സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി ശുഭകുമാര്‍, സെക്രട്ടറി ഇന്‍ചാര്‍ജ് എ ജെ വര്‍ഗീസ്, ജങ്കാര്‍ സര്‍വീസിന്റെ മുന്‍ കരാറുകാരന്‍ വേണുഗോപാലന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
Next Story

RELATED STORIES

Share it