അഴീക്കോടും കണ്ണൂരും കോണ്‍ഗ്രസ്സിന് വിമത ഭീതി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയെന്നോണം കണ്ണൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് വിമത ഭീഷണി ഉയര്‍ത്തി കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ രാഗേഷ് രംഗത്ത്. ഐക്യജനാധിപത്യ സംരക്ഷണസമിതി എന്ന പേരില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച് വിമത നീക്കം പരസ്യപ്പെടുത്തുകയും ചെയ്തു അദ്ദേഹം. ഇനിയും ബൂത്ത് ഏജന്റുമാരായി മര്‍ദ്ദനം ഏറ്റുവാങ്ങുന്ന നേര്‍ച്ചക്കോഴികളാവാന്‍ കഴിയില്ല. വോട്ടുകള്‍ മറിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും രാഗേഷ് അറിയിച്ചു.
അഴീക്കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ഞിക്കീല്‍ ഡിവിഷനില്‍ നിന്നാണ് പി കെ രാഗേഷ് വിമത സ്ഥാനാര്‍ഥിയായി കോര്‍പറേഷനിലേക്ക് മല്‍സരിച്ച് വിജയിച്ചത്. കോര്‍പറേഷനില്‍ ഉള്‍പ്പെട്ട പഴയ പള്ളിക്കുന്ന് പഞ്ചായത്തില്‍ രാഗേഷിന് നിര്‍ണായക സ്വാധീനമുണ്ട്.
കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുന്നോട്ടുവച്ച രാഷ്ട്രീയ ധാരണകള്‍ പാലിക്കപ്പെട്ടില്ലെന്നും ചില നേതാക്കളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നേതൃ നിലപാടില്‍ പ്രതിഷേധിച്ചാണ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തതെന്നും പി കെ രാഗേഷ് പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കുന്ന നിലപാടാണ് കെ സുധാകരനും മറ്റു നേതാക്കളും സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലയിലേക്കുള്ള കെ സുധാകരന്റെ കൂടുമാറ്റം.
വിജയിക്കാനല്ലെങ്കില്‍ ജില്ലയില്‍ ധര്‍മ്മടത്തോ കല്ല്യാശ്ശേരിയിലോ പയ്യന്നൂരിലോ മല്‍സരിക്കാമായിരുന്നു. സിറ്റിങ് എംഎല്‍എമാരെ മാറ്റില്ലെന്ന കെപിസിസി നിര്‍ദേശത്തിനു വിരുദ്ധമായാണ് കണ്ണൂരില്‍ നിന്ന് അബ്ദുല്ലക്കുട്ടിയെ തലശ്ശേരിയിലേക്ക് മാറ്റിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ഏകാധിപതികള്‍ ഏകാധിപതികളായി തന്നെ തുടരുകയാണെന്നും രാഗേഷ് ആരോപിച്ചു.
അഴീക്കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നേതാവ് കായക്കൂല്‍ രാഹുല്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കുന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി വിദ്യ, പള്ളിക്കുന്ന് ബാങ്ക് പ്രസിഡന്റ് എം വി പ്രദീപ്കുമാര്‍, രാഹുല്‍ പുഴാതി, രയരോത്ത് രവി, എ എം ജയറാം സംസാരിച്ചു.
Next Story

RELATED STORIES

Share it