kozhikode local

അഴിയൂരില്‍ അഞ്ചു വര്‍ഷത്തിനിടെ എസ്ഡിപിഐക്ക് വന്‍ മുന്നേറ്റം

വടകര: ഇത്തവണ എസ്ഡിപിഐ അക്കൗണ്ട് തുറന്ന അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടി നടത്തിയത് വന്‍ മുന്നേറ്റം. മുന്നണികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന തലത്തിലേക്ക് എസ്ഡിപിഐ സ്വാധീനം നേടിയതിന്റെ കണക്കുകളാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായത്. പഞ്ചായത്തില്‍ 18ാം വാര്‍ഡിലാണ് ഇത്തവണ ഇരു മുന്നണികളെയും പരാജയപ്പെടുത്തി എസ്ഡിപിഐയുടെ പി സാഹിര്‍ വിജയിച്ചത്. ഈ വാര്‍ഡില്‍ 2010ലെ പഞ്ചായത്ത തിരഞ്ഞെടുപ്പില്‍ 120 വോട്ടാണ് എസ്ഡിപിഐക്ക ലഭിച്ചത്. ഇത്തവണ വര്‍ദ്ധന മൂന്ന് ഇരട്ടിയോളം.
അഴിയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നതിനു ശേഷം പതിനെട്ടാം വാര്‍ഡ് മുസ്‌ലിംലീഗിന്റെ കുത്തകയാണ്. 250-300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിക്കാറ് പതിവ്. എന്നാല്‍ ഇത്തവണ ചരിത്രം ഗതിമാറി. 316 വോട്ട് നേടിയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ചത്. ലീഗ് സ്ഥാനാര്‍ഥിയെക്കാള്‍ 48 വോട്ട് എസ്ഡിപിഐ സ്ഥാനാര്‍ഥി പി സാഹിര്‍ കൂടുതല്‍ ലഭിച്ചു. 40 വര്‍ഷമായി ലീഗ് കൈവശം വയ്ക്കുന്ന ഒന്നാം വാര്‍ഡില്‍ ഇത്തവണ എസ്ഡിപിഐയുടെ രംഗപ്രവേശത്തോടെ യുഡിഎഫിന്റെ അടിത്തറ ഇളകി.
300 ഓളം വോട്ടുകള്‍ക്ക് ലീഗ് ജയിക്കുന്ന ഇവിടെ യുഡിഎഫിന് ഇത്തവണ 49 വോട്ടാണ് ഭൂരിപക്ഷം. എതിര്‍ സ്ഥാനാര്‍ഥിയായ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാലിം അഴിയൂരിന് 415 വോട്ട് ലഭിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫ് കൈവശം വെക്കുന്ന 17ാം വാര്‍ഡില്‍ ലീഗിലെ കഴിഞ്ഞ പഞ്ചായത്ത പ്രസിഡന്റ് ആയിശ ഉമ്മര്‍ പരാജയപ്പെട്ടതിലും എസ്ഡിപിഐയുടെ സാന്നിധ്യം നിര്‍ണായകമായി. 130 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ എസ്ഡിപിഐ പിന്തുണച്ച ഇടതു മുന്നണി സ്ഥാനാര്‍ഥി വിജയിച്ചത്. എല്‍ഡിഎഫ് മൂന്ന വോട്ടിനു വിജയിച്ച 12ാം വാര്‍ഡില്‍ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല നേടിയ 94 വോട്ടുകളാണ് യുഡിഎഫിന്റെ പരാജയത്തിനു കാരണമായത്.
കഴിഞ്ഞ തവണ 200 ഓളം വോട്ടിന് വിജയിച്ച 16ാം വാര്‍ഡില്‍ ഇക്കുറി ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 60 ആയി ചുരുങ്ങി. ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷമീന ഇവിടെ 237 വോട്ട് നേടി. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 17ാം വാര്‍ഡില്‍ 2005ല്‍ എസ്ഡിപിഐക്ക് 24 വോട്ട് ലഭിച്ചത് ഇത്തവണ 137 ആയി വര്‍ധിച്ചു. ചോറോട് 18ാം വാര്‍ഡില്‍ എസ്ഡിപിഐക്ക് കഴിഞ്ഞതവണ 84 വോട്ടായിരുന്നത് ഇത്തവണ 164 ആയി വര്‍ധിച്ചു.
Next Story

RELATED STORIES

Share it