അഴിമതി തെളിഞ്ഞാല്‍ കര്‍ശന നടപടി: രാഹുല്‍ഗാന്ധി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നയിച്ച ജനരക്ഷായാത്ര തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിച്ചു. സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അഴിമതിയോട് സന്ധിചെയ്യുന്ന പാര്‍ട്ടിയല്ലെന്നും അഴിമതിയുടെ കണികയെങ്കിലുമുണ്ടെന്നു തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്സും യുഡിഎഫും ഒറ്റക്കെട്ടായി നേരിടുമെന്നും വിജയം നേടുമെന്നും രാഹുല്‍ വ്യക്തമാക്കി.
മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷം നിലപാട് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളും ഇടതുപക്ഷത്തിന്റെ മറുപടി കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. മോദിയുടെ ഗുജറാത്തില്‍ സാധാരണക്കാരനു പ്രാപ്യമല്ലാത്ത ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സാധാരണക്കാരനുവേണ്ടി മെട്രൊ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നു. മോദി സ്റ്റാര്‍ട്ട് അപ് എന്ന വാക് ഉച്ചരിക്കുന്നതിന് എത്രയോ മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകന്നിരിക്കുകയാണ്. രാജ്യത്തുനിന്നുതന്നെ മാറിനില്‍ക്കുന്നതിനെക്കുറിച്ചാണു പ്രധാനമന്ത്രി ചിന്തിക്കുന്നത്. വ്യവസായികളെയും കോര്‍പറേറ്റുകളെയും അവഗണിക്കണമെന്നു തനിക്ക് അഭിപ്രായമില്ല. എന്നാല്‍, അതോടൊപ്പം രാജ്യത്തെ കര്‍ഷകരെയും സാധാരണക്കാരെയും പരിഗണിക്കണം. ഈ യാഥാര്‍ഥ്യം ബിജെപിയും സിപിഎമ്മും മനസ്സിലാക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
സമാപന സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി സംബന്ധിച്ചു.
Next Story

RELATED STORIES

Share it