അഴിമതി ചെറുക്കുന്നവരെ മനോരോഗികളാക്കുന്നു

തിരുവനന്തപുരം: അഴിമതി വിരുദ്ധദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനുമെതിരേ വീണ്ടും പരോക്ഷവിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്നവരെ മനോരോഗികളായി മുദ്രകുത്തുന്ന സമൂഹമായി കേരളം മാറിയെന്നു ജേക്കബ് തോമസ് പറഞ്ഞു.
അഴിമതിക്കാരല്ലാത്തവരെ ഇല്ലാതാക്കുന്ന അവസ്ഥയാണുള്ളത്. അഴിമതിക്കെതിരേ പ്രതികരിച്ചാല്‍ മെമ്മോ കിട്ടുമെന്നതാണ് ഫലം. താനൊരു അഴിമതി ഉയര്‍ത്തിക്കാണിച്ചാല്‍ തനിക്ക് നാല് മെമ്മോ കിട്ടും. അതാണ് നിലവിലെ സാഹചര്യമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത അഴിമതിക്കാരുടെ പ്രവൃത്തികളെ ഇക്കൂട്ടര്‍ ശക്തമായി ന്യായീകരിക്കും.
അഴിമതിക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിക്കാര്‍ നാണമില്ലാതെ നടപടികള്‍ വിശദീകരിക്കും. അവര്‍ നടപടികള്‍ ഇല്ലാതാക്കാനും നടപടിയെടുത്തവരെ ഇല്ലാതാക്കാനും ശ്രമിക്കും. സെക്രട്ടറി റാങ്കിലെത്തണമെങ്കില്‍ മൂന്ന് വിജിലന്‍സ് കേസെങ്കിലും വേണം. എല്ലാവരും അഴിമതിക്കാരായാല്‍ അഴിമതി നിരോധന സംവിധാനങ്ങള്‍ ഫലവത്താവില്ല.
രാഷ്ട്രീയക്കാര്‍ അഴിമതിക്കാരെങ്കില്‍ ശിക്ഷിക്കേണ്ടത് ജനങ്ങളാണ്. അഴിമതി പുറത്തു കൊണ്ടുവരേണ്ടത് മാധ്യമങ്ങളുമാണ്. സ്വാര്‍ഥതാല്‍പര്യങ്ങളാണ് നയങ്ങള്‍ രൂപീകരിക്കുന്നതെന്നും കസേര പോവുമോയെന്ന പേടിയും അഴിമതിക്ക് കാരണമാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. വികസനം മുകളിലേക്ക് മാത്രമല്ല ആവശ്യം. താഴേയ്ക്കും വശങ്ങളിലേക്കും വേണം. അത് പരിസ്ഥിതി സൗഹൃദവുമാവണം. മുകളിലുള്ളവരെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ ചെന്നൈയിലുണ്ടായതു പോലുള്ള ദുരന്തങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടുമെന്നും ഡിജിപി മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞതവണ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതേദിവസം അഴിമതിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തിരുന്നു. എന്നാല്‍, ഇത്തവണ അവരെ കാണാനില്ലെന്നും സര്‍ക്കാര്‍ പ്രതിജ്ഞ പോലും തയ്യാറാക്കിയിട്ടില്ലെന്നും ജേക്കബ് തോമസ് പരിഹസിച്ചു. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനം നടത്തിയെന്ന ആരോപണത്തിന്‍മേല്‍ ജേക്കബ് തോമസിനെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കേ മൂന്നുനിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന ജേക്കബ് തോമസിന്റെ നിലപാട് വിവാദമായിരുന്നു.
കേരളത്തിന്റെ വികസനം മുരടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സുരക്ഷയുടെ പേരില്‍ ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന ജേക്കബ് തോമസിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയെന്നോണമായിരുന്നു ജേക്കബ് തോമസിന്റെ അഴിമതിവിരുദ്ധ പ്രസംഗം. അതേസമയം തന്നെ ഫേസ്ബുക്കിലും ഇതേ വിഷയത്തില്‍ അദ്ദേഹം പ്രതികരണം നടത്തി. ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Next Story

RELATED STORIES

Share it